‘സിനിമ പരാജയപ്പെട്ടാൽ വർഗീയതയും വിദ്വേഷവുമല്ല പടർത്തേണ്ടത്; ‘ടർക്കിഷ് തർക്ക’ത്തിന് പിന്നിൽ കലാകാരന്മാരോ അതോ ചെകുത്താന്മാരോ?’
text_fieldsകോഴിക്കോട്: മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ ഭീഷണപ്പെടുത്തിയതിനാലാണ് ‘ടർക്കിഷ് തർക്കം’ എന്ന സിനിമ തിയറ്ററിൽനിന്ന് പിൻവലിച്ചതെന്ന അണിയറ പ്രവർത്തകരുടെ ആരോപണത്തിൽ വിവാദം ഉയരുന്നു. സിനിമ തിയറ്ററിൽ പരാജയപ്പെടുമ്പോഴും ജനശ്രദ്ധ ലഭിക്കാതെയാവുമ്പോഴും ഏതെങ്കിലും മതത്തിന്റെ തലയിൽ ചാരി വിജയിപ്പിക്കാമെന്ന സ്ട്രാറ്റജി അങ്ങേയറ്റം വിലകുറഞ്ഞതാണെന്ന് സാമൂഹിക പ്രവർത്തകൻ ജംഷീദ് പള്ളിപ്രം ചൂണ്ടിക്കാട്ടി.
‘മുസ്‍ലിം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കൽ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല എന്ന കാര്യം അവിടെ നിക്കട്ടെ. സിനിമ മതനിന്ദയാണെന്നും മുസ്‍ലിം വിരുദ്ധമാണെന്നും എഴുതിയ രൂക്ഷമായ വിമർശനം ആരെങ്കിലും കണ്ടവരുണ്ടോ..? സംവിധായകനും നിർമാതാവിനും ഫോണിലൂടെ ഭീഷണി വന്നതായി പറയുന്നു. ഭീഷണി സന്ദേശം വന്നാൽ അവർ പൊലീസിൽ പരാതി നൽകേണ്ടതല്ലേ...? എന്തുകൊണ്ട് പരാതി നൽകിയില്ല. സംസ്ഥാന പൊലീസ് സേനയെ വിശ്വാസമില്ലാത്തവരാണോ കോടികൾ മുടക്കി സിനിമയെടുക്കുന്നത്’ -അദ്ദേഹം ചോദിച്ചു.
ഇസ്‍ലാമോഫോബിയ സൃഷ്ടിച്ചായാലും സാമ്പത്തിക ലാഭമുണ്ടായാൽ മതി എന്ന് കരുതുന്ന സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും കലാകാരന്മാരാണോ അതോ ചെകുത്താന്മാരാണോ എന്ന സംശയമുണ്ട്. എത്രയോ നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. കലാകാരന്മാർ അവരുടെ സിനിമ പരാജയപ്പെടുമ്പോൾ വർഗീയതയും വിദ്വേഷവുമല്ല സമൂഹത്തിൽ പടർത്തേണ്ടത് -ജംഷീദ് അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചു. മതമൗലികവാദികൾ മതനിന്ദ ആരോപിച്ച് ഭീഷണപ്പെടുത്തിയതാണ് കാരണം.
ഈ വാർത്ത കണ്ടപ്പോൾ പെട്ടെന്ന് മറ്റേതെങ്കിലും യൂണിവേഴ്സിൽ എത്തിയോ എന്ന് സംശയം തോന്നി. രണ്ട് തവണ ശരീരം നുള്ളി നോക്കി. തറയിൽ ചവിട്ടി കാലുകൾ നിലത്താണോ എന്ന് ഒന്നൂടെ ഉറപ്പിച്ചു.
സിനിമ ജയിക്കാം, പരാജയപ്പെടാം. എല്ലാ സിനിമയും പ്രതീക്ഷിച്ച വിജയം നേടണമെന്നോ സാമ്പത്തികമായി വിജയം കൈവരിക്കണമെന്നോ ഇല്ല.
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ ഇറങ്ങുന്നു. ആ സമയം തന്നെ ബേസിൽ ജോസഫിന്റെ സൂക്ഷ്മദർശനിക്ക് ആളുകൾ ഇരിച്ചുകയറുന്നു. സിനിമ വിശേഷങ്ങളിലും സിനി ഗ്രൂപ്പുകളിലും സൂക്ഷ്മദർശിനി മാത്രം ചർച്ച.
സൂക്ഷ്മദർശിനിയോടപ്പം വലിയ താരനിരയോടെ ഇറങ്ങിയ ടർക്കിഷ് തർക്കം ലൈംലൈറ്റിൽ എവിടെയും ഇല്ല.
ചർച്ചയാവണമല്ലോ. സിനിമ ഇറങ്ങിയത് നാലാള് അറിയണമല്ലോ. നല്ലൊരു മാർഗ്ഗമുണ്ട്.
റിലീസ് ചെയ്ത നാലാം ദിവസം മതതീവ്രവാദികളുടെ ഭീഷണിയും രൂക്ഷമായ വിമർശനവും കാരണം സിനിമ പിൻവലിക്കുകയാണെന്ന് നിർമ്മാതകൾ കഥയിറക്കുന്നു. വാർത്തയാവുന്നു.
മുസ്ലീം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കൽ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല എന്ന കാര്യം അവിടെ നിക്കട്ടെ.
ഒരു ദിവസം മണിക്കൂറുകളോളം ഫേസ്ബുക്കിലും ഇൻസ്റ്റയിലും ചെലവഴിക്കുന്നവരാണ് ഇത് വായിക്കുന്ന ഭൂരിഭാഗം പേരും. തർക്കിഷ് തർക്കം എന്ന സിനിമ മതനിന്ദയാണെന്നും മുസ്ലീം വിരുദ്ധമാണെന്നും എഴുതിയ രൂക്ഷമായ വിമർശനം ആരെങ്കിലും കണ്ടവരുണ്ടോ..?
സംവിധായകനും നിർമ്മാതാവിനും ഫോണിലൂടെ ഭീഷണി വന്നതായി പറയുന്നു. ഭീഷണി സന്ദേശം വന്നാൽ അവർ പോലീസിൽ പരാതി നൽകേണ്ടതല്ലേ...? എന്തുകൊണ്ട് പരാതി നൽകിയില്ല.
സംസ്ഥാന പോലീസ് സേനയെ വിശ്വാസമില്ലാത്തവരാണോ കോടികൾ മുടക്കി സിനിമയെടുക്കുന്നത്.
സിനിമ തിയേറ്ററിൽ പരാജയപ്പെടുമ്പോഴും ജനശ്രദ്ധ ലഭിക്കാതെയുമാവുമ്പോഴും ഏതെങ്കിലും മതത്തിന്റെ തലയിൽ ചാരി വിജയിപ്പിക്കാമെന്ന സ്ട്രാറ്റർജി അങ്ങേയറ്റം വിലകുറഞ്ഞതാണ്.
ഹിന്ദുത്വ ഭീകരവാദികളുടെ നിരന്തരം അക്രമത്തിന് ഇരയാവുന്ന ഇന്ത്യയിൽ പിന്നെയും മുസ്ലീങ്ങളെ ഭീകരവാദികളാക്കിയും അക്രമത്തിന് ഇട്ട് കൊടുക്കുകയും ചെയ്യുകയാണ് ടർക്കിഷ് സിനിമ അണിയറ പ്രവർത്തകർ.
ഈ സിനിമയിൽ പോലും വലിയൊരു വിഭാഗം മുസ്ലീം സമുദായക്കാരാണ്.
നവാസ് സുലൈമാനി എഴുതി സംവിധാനം ചെയ്ത സിനിമ. ബിഗ് പിക്ച്ചഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും പ്രദീപ് കുമാറും നിർമ്മാണം.
നായകൻ ലുക്മാൻ , സണ്ണി വെയിൻ. നായിക ആമിന നിജാം. ഛായാഗ്രഹണം അബ്ദുൽ റഹ്മാൻ. സംഗീതം നൽകിയത് ഇഫ്തി. ഗാനങ്ങൾ ആലപിച്ചത് ദന റാസിഖ്, ഹെഷാം, കൾച്ചർ ഹൂഡ്.
ഇസ്ലാമോഫോബിയ സൃഷ്ടിച്ചായാലും സാമ്പത്തിക ലാഭമുണ്ടായാൽ മതി എന്ന് കരുതുന്ന സിനിമയുടെ നിർമ്മാതക്കളും അണിയറ പ്രവർത്തകരും കലാകാരന്മാരാണോ അതോ ചെകുത്താന്മാരാണോ എന്ന സംശയമുണ്ട്.
എത്രയോ നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. കലാകാരന്മാർ അവരുടെ സിനിമ പരാജയപ്പെടുമ്പോൾ വർഗീയതയും വിദ്വേഷവുമല്ല സമൂഹത്തിൽ പടർത്തേണ്ടത്.
രണ്ട് ദിവസം മുമ്പാണ് സംഭലിൽ അഞ്ച് മുസ്ലീങ്ങളെ യുപി പോലീസ് വെടിവെച്ച് കൊന്നത്. സമൂഹത്തിലടങ്ങിയ വെറുപ്പും വിദ്വേഷവുമാണ് ആ മനുഷ്യരെ കൊന്നത്.
പശുവിന്റെ പേരിലും ലിഞ്ചിങ്ങിലും നിരന്തരം ഇന്ത്യയിൽ കൊലചെയ്യപ്പെട്ടർ. നിരന്തരം അക്രമിക്കപ്പെടുന്നവർ.
സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ആ വിഭാഗത്തെ പിന്നെയും അന്യായമായി അക്രമിച്ച് അവരുടെ ചോര കുടിച്ചാണെങ്കിലും നിങ്ങളുടെ വയറ് നിറയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.