മിസ്റ്റർ ആഭ്യന്തര മന്ത്രീ, ഹിന്ദി ഇംപോസിഷൻ നിർത്തിക്കോ; അമിത് ഷായോട് പ്രകാശ് രാജ്
text_fieldsഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലുള്ളവർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ തെന്നിന്ത്യൻ സംസ്ഥാനങ്ങൾ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയും ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. അമിത് ഷാ സാംസ്കാരിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു കോൺഗ്രസ് ഇത് സംബന്ധിച്ച് പറഞ്ഞത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ എന്നിവർ കടുത്ത ഭാഷയിൽ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർ നടൻ പ്രകാശ് രാജും അമിത് ഷാക്കെതിരെ രംഗത്തെത്തി. ട്വിറ്ററിലാണ് നടൻ പ്രതികരണവുമായി എത്തിയത്. ''മിസ്റ്റർ ആഭ്യന്തര മന്ത്രീ, വീടുകൾ തകർക്കാൻ ശ്രമിക്കരുത്. ഹിന്ദി ഇംപോസിഷൻ നിർത്തുന്നതാണ് നല്ലത്. ഞങ്ങൾ നമ്മുടെ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നു. ഞങ്ങൾ മാതൃഭാഷയെ സ്നേഹിക്കുന്നു. ഞങ്ങളുടെ വ്യക്തിത്വത്തെയും സ്നേഹിക്കുന്നു'' -നടൻ കുറിച്ചു.
വിവിധ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്നുള്ള മറ്റ് നിരവധി അഭിനേതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ധരും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിൽ ഇംഗ്ലീഷിനു പകരമായി ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തര മന്ത്രിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.