തിയറ്ററിൽ ആളെ നിറച്ച് ആസിഫ് അലിയുടെ 'കിഷ്കിന്ധാ കാണ്ഡം'; പുതിയ റെക്കോർഡുമായി ചിത്രം
text_fieldsതിയറ്ററുളിൽ മികച്ച വിജയം നേടി ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.
ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമെന്ന നേട്ടം ‘കിഷ്കിന്ധാ കാണ്ഡം’ സ്വന്തമാക്കിയിരിക്കുകയാണ്.90,000 ല്‍ അധികം ടിക്കറ്റുകളാണ് അവസാന 24 മണിക്കൂറിനിടെ വിറ്റുപോയത്. ഇതോടെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിംഗില്‍ ‘കിഷ്കിന്ധാ കാണ്ഡം’ ഒന്നാമത് എത്തി. റിലീസായി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 കോടിയാണ് ഒരാഴ്ച കൊണ്ട് കിഷ്‍കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 12.3 കോടി ചിത്രം നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വരാനുണ്ട്. ആദ്യദിനം 45 ലക്ഷം ആണ് ചിത്രം നേടിയത്.
പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണിത്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷിന്റേതാണ് സിനിമയുടെ തിരക്കഥ. ഛായാഗ്രഹണവും ബാഹുല്‍ രമേഷിന്റേതാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.