'ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയുമായിരുന്നില്ല'; 'അടിച്ചുതളിക്കാരി' പ്രയോഗത്തിൽ അപാകതയെന്ന് അവതാരക
text_fieldsപഴയ മമ്മൂട്ടി സിനിമയിലെ സംഭാഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സിനിമയുടെ ദൃശ്യവും അശ്വതി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പുറത്തിറങ്ങിയ കാലത്ത് മലയാളത്തിൽ ഏറ്റവുമധികം പണം മുടക്കി ചെയ്തതെന്ന് ഖ്യാതി നേടിയ സിനിമയാണ് 'ദുബായ്'. അതിൽ നിന്നുള്ള സംഭാഷണമാണ് അവതാരക പങ്കുവച്ചിരിക്കുന്നത്. രഞ്ജി പണിക്കർ എഴുതി ജോഷി സംവിധാനംചെയ്ത സിനിമയാണിത്. ബിജു മേനോൻ, അഞ്ജല സാവേരി, എൻ.എഫ് വർഗീസ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മമ്മൂട്ടി അവതരിപ്പിച്ച മേജർ രവി മാമ്മൻ എന്ന കഥാപാത്രം നായികയായ അഞ്ജല സാവേരിയുടെ അമ്മുസ്വാമിനാഥനോട് പറയുന്ന ഡയലോഗാണ് വിവാദമായിരിക്കുന്നത്. 'ഞാൻ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേൽ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോൾ ഇത് കാണുന്ന എല്ലാവർക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കിൽ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാൻ ഒരു സ്ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇത് പറയാൻ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാൻ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്...നമ്മൾ മാറുന്നുണ്ട്. ഇനിയും മാറും'- അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.
'പക്ഷെ എത്രയൊക്കെ ദൂരേക്ക് പറന്നാലും വീണ്ടും ഇങ്ങോട്ട്തന്നെ തിരിച്ച് പോരേണ്ടിവരും നിനക്ക്...റിനൗണ്ട് ഡാൻസർ അമ്മു സ്വാമിനാഥനായിട്ടല്ല...എന്‍റെ അടുക്കളക്കാരിയായിട്ട് എന്‍റെ അടിച്ചുതളിക്കാരിയായിട്ട്' എന്നതാണ് ഡയലോഗ്. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്. 'സമൂഹം എത്രത്തോളം മാറി എന്നതിന് തെളിവാണ് ഇന്ന് ഇതൊക്കെ കാണുമ്പോ ഉണ്ടാകുന്ന ഈർഷ്യത... അന്ന് ഇത് കണ്ട് ഇതിലെ തെറ്റ് ചോദ്യം ചെയ്യാൻ ഉള്ള വിവരം ഇല്ലാതിരുന്നതിനാൽ ഇതൊക്കെ ആസ്വദിച്ചു എന്നതിനാലും, സമൂഹത്തിൽ മൊത്തത്തിൽ നിലനിന്നിരുന്ന വിവരം ഇല്ലായ്മ മാത്രമായി പരിഗണിച്ച് സംവിധായകനോടും ഇക്കയോടും ക്ഷമിച്ചിരിക്കുന്നു'-ഒരാൾ കുറിച്ചു.
'സിനിമയെ സിനിമ ആയി കാണാതെ അതിൽ പറയുന്ന ഡയലോഗ് അപ്പാടെ വിശ്വസിക്കുന്ന ആളുകൾ ആണ് മുഴുവനും എന്ന് വിശ്വസിക്കുന്ന സിനിമാക്കാർ ആണ് ഏറ്റവും വലിയ ദുരന്തം. ഇതിൽ പറയുന്ന ഈ ഡയലോഗ് റിയൽ ലൈഫിൽ പറഞ്ഞാൽ ഏൽക്കില്ല എന്ന് എല്ലാ കാലഘട്ടത്തിലും ഉള്ള ആൺപിള്ളേർക്കും അറിയാം'-മറ്റൊരാൾ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.