'കുലസ്ത്രീകൾ' എന്ന് വിളിച്ചതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്? ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ
text_fieldsഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ സിനിമയെടുക്കുമ്പോൾ പോലും ശരണം വിളികൾ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ചിലർ മനസ്സിലാക്കിയിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. അടുത്തിടെ പുറത്തിറങ്ങിയ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയെകുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ശോഭ സുരേന്ദ്രൻ ഇങ്ങിനെ പറഞ്ഞത്.
വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി 'കുലസ്ത്രീകൾ' എന്ന് വിളിച്ചതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളതെന്നും അവർ ചോദിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ബി.ജെ.പി നേതാവ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
'നിർഭാഗ്യവശാൽ പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്' -ശോഭ എഴുതുന്നു. 'ശരാശരി മധ്യവർഗ്ഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്. അതുകൂടി തകർത്തു കഴിഞ്ഞാൽ ജീവിതത്തിന്‍റെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങൾക്ക് പുരോഗമനം കണ്ടെത്താൻ കഴിയൂ. ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ല' എന്നുപറഞ്ഞാണ് ശോഭ സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ശബരിമല പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ പറയുന്ന സിനിമ രൂക്ഷമായ സാമൂഹിക വിമർശനങ്ങളാൽ സമ്പന്നമാണ്. ശബരിമലയിൽ വലതുപക്ഷ കക്ഷികൾ നടത്തിയ ഇരട്ടത്താപ്പിനേയും സിനിമ തുറന്നുകാട്ടുന്നുണ്ട്. കേരളത്തിലെ സംഘപരിവാർ കേന്ദ്രങ്ങൾ സിനിമയെപറ്റി വ്യാപകമായ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.