ലോകസിനിമക്ക് മലയാളത്തിന്റെ ചലച്ചിത്ര ഉപഹാരമായി 'ആയിഷ'
text_fieldsറിയാദ്: ഇൻഡോ അറബ് സാംസ്കാരിക ഭൂമികയിൽ സർഗാത്മകതയുടെ പുതിയ ദൃശ്യഭാഷയൊരുക്കി ഒരുകൂട്ടം സാങ്കേതിക പ്രവർത്തകർ അണിയിച്ചൊരുക്കിയ 'ആയിഷ' എന്ന സിനിമയുടെ റിയാദിലെ പ്രമോഷൻ മുറബ്ബ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്നു. നവ ഹൈടെക് സിനിമകളുടെ ലോകത്ത് മലയാളത്തിന്റെ കീർത്തി അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള പുതുതലമുറയുടെ ആർജവവും വിഷനറിയുമാണ് ഈ സിനിമയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
കണ്ടുമടുത്ത ഫ്രെയിമുകളിൽനിന്നും കഥപറച്ചിലിൽനിന്നും വേറിട്ട വഴിയിലൂടെയായിരിക്കും ഈ സിനിമയുടെ സഞ്ചാരമെന്നും അവർ കൂട്ടിച്ചേർത്തു. വലിയ ജനക്കൂട്ടമാണ് ലുലുവിൽ 'ആയിഷ' സിനിമയുടെ സൗദി മധ്യപ്രവിശ്യയിലെ ലോഞ്ചിങ്ങിന് സാക്ഷിയായി എത്തിയത്. ചിത്രത്തിലെ നായിക മഞ്ജു വാര്യറും സംവിധായകൻ ആമിർ പള്ളിക്കലും തിരക്കഥാകൃത്ത് ആസിഫ് കക്കോടിയും സിനിമ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പങ്കുവെച്ചു.സിനിമയുടെ കഥാപശ്ചാത്തലം സൗദി അറേബ്യ ആയതിനാലാണ് ഇവിടെ പ്രമോഷൻ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കാരണം. അറബിഭാഷയിലും തുടർപരിപാടികൾ ഉണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞു. മലയാളം ഇൻഡസ്ട്രിയിലെ താരങ്ങൾക്കൊപ്പം അറബ് നടീനടന്മാരും ഒന്നിച്ചഭിനയിക്കുന്ന പ്രത്യേകതയും 'ആയിഷ'ക്കുണ്ട്.
കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള മുഴുവൻ സിനിമാപ്രേമികളെയും മുന്നിൽകണ്ടാണ് ഈ സിനിമയുടെ രൂപകൽപനയെന്നും നവംബറിൽ ചിത്രം വ്യത്യസ്ത ഭാഷകളിൽ തിയറ്ററിൽ എത്തുമെന്നും പിന്നണി പ്രവർത്തകർ പറഞ്ഞു. പ്രവാസലോകത്തുനിന്ന് ഇതുവരെ പറഞ്ഞ കഥകൾക്ക് അനുബന്ധമോ സാമ്യതയോ ഉണ്ടായിരിക്കില്ലെന്നും അവർ അവകാശപ്പെട്ടു.
മഞ്ജു വാര്യരെ ചടങ്ങിലേക്ക് വരവേറ്റ് ഡാൻസ് മാസ്റ്റർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള 'പോൾസ്റ്റാർ ഡാൻസ് അക്കാദമി'യിലെ നർത്തകർ മഞ്ജു വാര്യറുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി നൃത്താവിഷ്കാരം നടത്തി. കുട്ടികളോടൊപ്പം മഞ്ജുവും ഏതാനും ചുവടുകൾ വെച്ചു. മണിക്കൂറുകൾ കാത്തിരുന്ന് മഞ്ജുവിനെ നേരിൽ കണ്ടപ്പോൾ ശബ്ദ കരഘോഷങ്ങളോടെ ജനം ആർത്തുവിളിച്ചു സ്വീകരിച്ചു. സിനിമാവിശേഷങ്ങൾ തൊട്ട് ആരോഗ്യ-സൗന്ദര്യ രഹസ്യങ്ങൾ വരെ അറിയാൻ ചോദ്യങ്ങളുമായെത്തിയ സദസ്സിനോട് ഹൃദ്യമായ ഭാഷയിലും സ്വതസിദ്ധമായ ചിരിയിലും മഞ്ജു വാര്യർ പ്രതികരിച്ചു.
സിനിമയെ വലിയ അഭിനിവേശത്തോടെ സമീപിക്കുന്ന യുവ കൂട്ടായ്മയുടെ വലിയ സ്വപ്നങ്ങളുടെ ഫലമാണ് 'ആയിഷ'യെന്ന് അവർ പറഞ്ഞു. സഹൃദയലോകം ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് പുരുഷാരത്തെ മുന്നിൽ നിർത്തി അവർ പ്രത്യാശ പ്രകടിപ്പിച്ചു. സിനിമയിലെ അറബി ഗാനങ്ങളടക്കം മൂന്നു ഗാനങ്ങൾ വേദിയിലെ സ്ക്രീനിൽ അവതരിപ്പിക്കുകയും ഹർഷാരവങ്ങൾ മുഴക്കി സദസ്യർ സ്വീകരിക്കുകയും ചെയ്തു.ലുലു ഗ്രൂപ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് ചടങ്ങിൽ സംബന്ധിച്ചു. സെലിബ്രിറ്റി അവതാരകൻ മാത്തുക്കുട്ടി പരിപാടികൾ നിയന്ത്രിച്ചു. മീ ഫ്രണ്ട് ആപ്പും ലുലു ഹൈപ്പർമാർക്കറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.