ഇന്ത്യൻ സിനിമയുടെ ദേശാന്തര സഞ്ചാരത്തിന് 'ആയിഷ' നാന്ദിയായേക്കും -സംവിധായകൻ ആമിർ പള്ളിക്കൽ
text_fieldsറിയാദ്: മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ കരിയറിൽ തികച്ചും വ്യത്യസ്തത അടയാളപ്പെടുത്താവുന്ന ഒരു സിനിമയായിരിക്കും 'ആയിഷ'യെന്നും മലയാളികളുടെ ദൃശ്യസങ്കൽപങ്ങൾക്ക് ചിരപരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിലൂടെയാണ് ഈ കഥ സംഭവിക്കുന്നതെന്നും സംവിധായകൻ ആമിർ പള്ളിക്കൽ. സിനിമയുടെ പ്രമോഷനായി സൗദിയിലെത്തിയ അദ്ദേഹം 'ഗൾഫ്‌മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
സൗദിയിലെ ഒരു കൊട്ടാരത്തിലെത്തുന്ന ഇന്ത്യക്കാരിയായ ആയിഷയും അവളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരിലൂടെ നടക്കുന്ന സാംസ്കാരിക വിനിമയവുമാണ് സിനിമയുടെ കാതലെന്ന് അദ്ദേഹം പറഞ്ഞു. മലയാളമടക്കം ഇന്ത്യൻ സിനിമകൾക്ക് പുതിയ ദേശങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പ്രവേശികയായി ഈ ചിത്രം മാറുമെന്നും ശുഭപ്രതീക്ഷയുണ്ട്. ഇന്ത്യൻ സിനിമയുടെ ദേശാന്തര സഞ്ചാരത്തിനുതന്നെ ഇതു തുടക്കമാകുമെന്നാണ് പ്രതീക്ഷ. ചരിത്രത്തിലാദ്യമായി ഒരിന്ത്യൻ സിനിമയുടെ പ്രമോഷൻ സൗദി അറേബ്യയിൽ വിജയകരമായി നിർവഹിച്ച സന്തോഷത്തിലാണ്.
സൗദി ഭരണാധികാരികൾ രാജ്യത്ത് സിനിമാ വിനോദ വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഇന്ത്യൻ സിനിമകളുടെ നിർമാണം സമീപഭാവിയിൽ തന്നെ ഇവിടെയുണ്ടാകും. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾക്കും കലാസാംസ്കാരിക വളർച്ചക്കും പുതിയ മാനങ്ങൾ നൽകുമെന്ന് ഉറപ്പാണ്. പ്രമോഷൻ പരിപാടികൾ വിജയമാക്കിയ മുഴുവൻ ചലച്ചിത്ര പ്രേമികളോടും സംഘാടകരോടും സൗദി അധികൃതരോടും നന്ദി പറയുകയാണെന്നും ആമിർ പള്ളിക്കൽ പറഞ്ഞു. സിനിമയുടെ നിർമാണം സൗദിയിൽ വെച്ച് ആഗ്രഹിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.
സൗദിക്ക് തുല്യമായ പ്രദേശമാണെന്ന് തോന്നിയ റാസൽ ഖൈമയിലായിരുന്നു ലൊക്കേഷൻ. ഈ സിനിമ ആവശ്യപ്പെടുന്ന സംഗീതവും വസ്ത്രാലങ്കാരവും ആർട്ട് വർക്കുകളെല്ലാം തന്നെ ഒരു വിട്ടുവീഴ്ചക്കും വിധേയമായിട്ടില്ല. ഇതുവരെ മലയാളത്തിലിറങ്ങിയതിൽ നായികാപ്രാധാന്യമുള്ള ചിത്രങ്ങളിൽ ബിഗ് ബജറ്റ് സിനിമയാണിത്. തികച്ചും സ്വാഭാവികതയും വസ്തുനിഷ്ഠവുമായ ഒരു ഫാമിലി ഡ്രാമയാണ് 'ആയിഷ'. ചിരിക്കാനും കരയാനുമൊക്കെ വക നൽകുന്ന ഇതിന്റെ കഥ ആസിഫ് കക്കോടി എന്ന എഴുത്തുകാരന്‍റെ ആദ്യത്തെ രചനയാണ്.
മലയാള സിനിമയിലെ നായക സങ്കല്പങ്ങളെയും പതിവ് ചേരുവകളെയും തിരുത്തിക്കുറിക്കുന്നതും വിഷ്വലിന് വളരെ പ്രാധാന്യമുള്ളതുമാണ് ഈ സിനിമയെന്നും ആമിർ പറഞ്ഞു. സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാൽ ലവ് സ്റ്റോറി എന്നീ സിനിമകളിൽ സഹസംവിധായകനായിരുന്ന ആമിർ സ്വതന്ത്ര സംവിധായകനാവുന്ന ആദ്യ സിനിമയാണ് ഇത്. സൗദിയിൽ പ്രവാസിയായ സക്കരിയ്യ വാവാടാണ് സഹ നിർമാതാവ്.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ചാണ് സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുള്ളതെന്ന് ആമിർ പറഞ്ഞു. ഇസ്തംബൂളിൽനിന്നും കുറച്ച് ഭാഗങ്ങൾ ചെയ്തിട്ടുണ്ട്. ഈ സിനിമ അർഹിക്കുന്ന ഒരു ബാക്ക്ഗ്രൗണ്ട് സ്‌കോർ ലഭിക്കണമെങ്കിൽ കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ വെച്ച് ചെയ്താൽ മതിയാകില്ലെന്ന ബോധ്യത്തിൽനിന്നാണ് മറ്റു രാജ്യങ്ങളിൽനിന്നും സംഗീതം സ്വീകരിച്ചത്. ഇക്കാര്യത്തിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ നിർബന്ധവുമുണ്ടായിരുന്നു. ഇതെല്ലാം സിനിമ കാണുമ്പോൾ അനുവാചകർക്ക് മനസ്സിലാകുമെന്ന് ആമിർ പള്ളിക്കൽ പറഞ്ഞു. കാഴ്‌ചയിൽ മാത്രമല്ല, സംഗീതത്തിലും സാന്ദ്രമാണ് ഈ സിനിമ.
ആറു പാട്ടുകളുണ്ട്, രണ്ടെണ്ണം അറബിയാണ്. അവ രചനയും ആലാപനവും നടത്തിയത് അറബികൾ തന്നെയാണ്. ഈ സിനിമ മലയാളത്തിൽനിന്നുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര സിനിമയാണ്, ഒപ്പം മലയാളത്തിന്റെ കാഴ്ചയിലെ പുതിയ അനുഭവവുമാണ്. ഇന്ത്യയോടൊപ്പം അറബ് രാജ്യങ്ങളിലും വിപണനശേഷിയും കലാമൂല്യവുമുള്ള ഒരു സൃഷ്ടിയായിരിക്കും ഈ സിനിമ. അറബിഭാഷയിലും 'ആയിഷ'യുണ്ടാവും. നോർമൽ സിറിയൻ അറബിക്കാണ് സംഭാഷണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. അറബി രാജ്യങ്ങൾക്കുള്ള ഉച്ചാരണ വൈവിധ്യങ്ങൾ സിനിമയെ ബാധിക്കാതിരിക്കാനാണ് ഏവർക്കും പ്രിയങ്കരമായ സിറിയൻ ശൈലി സ്വീകരിക്കുന്നത്. കുടുംബ പ്രേക്ഷകരടക്കം എല്ലാതരം ആസ്വാദകരെയും മുൻ നിർത്തിയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയ പ്രേക്ഷകർ നേരിട്ട് കാണാനുള്ള ആകാംക്ഷയിലാണ്. നവംബർ പകുതി വരെ ആ കാത്തിരിപ്പ് തുടരേണ്ടി വരും. സ്വന്തമായി സിനിമകൾ നിർമിക്കുകയും നിരന്തരം കാഴ്ചകളെ വിലയിരുത്തുകയും ചെയ്യുന്നവരാണ് ഇന്നത്തെ കാണികൾ. നവ ഹൈടെക് പ്രേക്ഷകന്റെ വൈകാരികതയോട് മാത്രമല്ല, ബുദ്ധിയോടും സംവദിക്കുവാൻ പ്രാപ്തി നേടുമ്പോഴാണ് ഓരോ കലാസൃഷ്ടിയും വിജയിച്ചു എന്ന് പറയാനാവുക -ആമിർ പള്ളിക്കൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.