‘ആയിഷ’ഇന്ന് പ്രേക്ഷകരിലേക്ക്; മറുഭാഷകളിൽ രണ്ടാഴ്ചക്കകം
text_fieldsറിയാദ്: വ്യത്യസ്ത പ്രചാരണ പരിപാടികളിലൂടെ പ്രവാസികളുടെ ശ്രദ്ധ നേടിയ ‘ആയിഷ’ചലച്ചിത്രം ജി.സി.സി രാജ്യങ്ങളിലടക്കം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. സൗദി പ്രേക്ഷകർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സമാണ് കാരണം. അറബിയിലും ഇന്ത്യയിലെ ഇതര ഭാഷകളിലും ചിത്രം രണ്ടാഴ്ചക്കകം തിയറ്ററുകളിൽ എത്തിച്ചേരും.
ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണെന്നും പോസ്റ്ററുകൾക്കും ട്രെയിലറിനുമൊക്കെ മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്നും ആമിർ പറഞ്ഞു. ‘ഗൾഫ് മാധ്യമ’ത്തിന്റെ ന്യൂസ് പോർട്ടലായ മീ ഫ്രൻഡും ലുലു ഹൈപ്പർ മാർക്കറ്റുമാണ് സൗദിയിലെ പ്രചാരണ പരിപാടിക്ക് വേദിയൊരുക്കിയത്. നടി മഞ്ജു വാര്യർ, സംവിധായകൻ ആമിർ പള്ളിക്കൽ, നിർമാതാവ് സക്കറിയ, രചയിതാവ് ആഷിഫ് കക്കോടി തുടങ്ങിയവർ കഴിഞ്ഞ വർഷാം രാജ്യം സന്ദർശിച്ചിരുന്നു. സൗദി പശ്ചാത്തലത്തിൽ നടന്ന കഥയായതിനാലാണ് പ്രമോഷനായി രാജ്യം തിരഞ്ഞെടുക്കാൻ കാരണമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചിരുന്നു.
നായിക മഞ്ജു വാര്യരും സിനിമയെ വളരെ ആകാംക്ഷയോടെയാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ‘ആയിഷ’യിലെ പാട്ടുകൾ പുറത്തിറങ്ങി. സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് സംഗീതം. നൃത്തസംവിധാനം പ്രഭുദേവ. മലയാളികളായ രാധിക, സജ്ന, പൂര്‍ണിമ എന്നിവരോടൊപ്പം ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയ വിദേശ താരങ്ങളും അഭിനയിക്കുന്നുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലെ കലാകാരന്മാരും അറബ്, ഇന്ത്യൻ പശ്ചാത്തലവുമെല്ലാം ഇതിനെ ഇൻഡോ അറബ് ചലച്ചിത്രമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.