'വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു'വെന്ന് പോസ്റ്റ് ; 'മുടിയഴിച്ചിട്ട് തന്നെ സന്നിധാനന്ദൻ ഇനിയും പാടും'-ഹരിനാരായണൻ
text_fieldsമുടി നീട്ടിവളർത്തിയതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായ സന്നിധാനന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ. കാൽച്ചുവട്ടിലെ കനലാണ് അവന്റെ കുരലെന്നും ഇനിയും മുടിയഴിച്ചിട്ട് തന്നെ അവൻ പാടമെന്നും ഹരിനാരായണൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നാവില്ലാത്ത ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് അവന് പാട്ടിനോടുള്ള കമ്പം. അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കൽ. ഏറ്റവും തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം- വിമർശകർക്ക് ഹരിനാരായണൻ മറുപടി നൽകി.
ബി.കെ.ഹരിനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്
1994 ആണ് കാലം.
പൂരപ്പറമ്പിൽ ,ജനറേറ്ററിൽ ,ഡീസലു തീർന്നാൽ ,വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും , വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും .പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും
ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ?
ചെലോര് കളിയാക്കും ,ചിരിക്കും ചെലോര്
" പോയേരാ അവിടന്ന് " എന്ന് ആട്ടിപ്പായിക്കും .അതവന് ശീലാമാണ് . എന്നാലും അടുത്ത പൂരപ്പറമ്പിലും ,ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും
നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം .അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും
ഒരു ദിവസം ,ഏതോ സ്കൂൾ ഗ്രൗണ്ടിൽ ,വലിയൊരു ഗാനമേള നടക്കുകയാണ്.ജനറേറ്ററിനടുത്ത് , കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.
" ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?
അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി
" വാ ..പാട് "
ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തിൽ ,നേരെ ചെന്ന് ,ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത്
ചെക്കനങ്ങട്ട് പൊരിച്ചു.
" ഇരുമുടി താങ്കീ... "
മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആൾക്കാര് കൂടി കയ്യടിയായി ..
പാട്ടിൻ്റെ ആ ഇരു "മുടി " "യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്
കാൽച്ചുവട്ടിലെ കനലാണ്
അവൻ്റെ കുരല്
ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം
അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം
മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും.
മുടി വളർത്തിയതിന്റെ പേരിൽ സന്നിധാനന്ദന് മാത്രമല്ല ഗായകൻ വിധു പ്രതാപിനെയും വിമർശിച്ചിട്ടുണ്ട്. ഉഷ കുമാരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപ പരമാർശം ഉണ്ടായത്.
'കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു', ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.