Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിങ്ങൾ ലക്ഷണമൊത്ത...

നിങ്ങൾ ലക്ഷണമൊത്ത ഫാഷിസ്റ്റായി മാറിക്കഴിഞ്ഞു; ജയമോഹന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണൻ

text_fields
bookmark_border
B. Unnikrishan  Reply About jayamohan blog against malayala cinema manjummel boys
cancel

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്‍സ് സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന് മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ലെന്നും പെറുക്കികൾ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങൾക്ക്, 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് പ്രകാശവർഷങ്ങൾ സഞ്ചരിക്കേണ്ടി വരുമെന്നും ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും അവർ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്. ഒരു കയറിന്റെ രണ്ടറ്റങ്ങളിൽ അവരുടെ ശരീരങ്ങൾ കെട്ടിയിട്ടപ്പോൾ, അവരുടെ പെറുക്കിത്തരത്തിന്റെ നിസ്സാരതകളിൽ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവർ സ്നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാർക്കു മുമ്പിൽ, സ്വാർത്ഥപുറ്റുകൾക്കുള്ളിൾ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മൾ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. പൊലിസ് ആളുകളെ തല്ലിച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന താങ്കൾ ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രിയ ജയമോഹൻ,

താങ്കൾ "മഞ്ഞുമ്മൽ ബോയ്സി"നെ കുറിച്ചെഴുതിയതറിയാൻ കഴിഞ്ഞു. തമിഴ് വായിക്കാനറിയാത്തതിനാൽ ഞാൻ താങ്കളുടെ എഴുത്തിന്റെ ഉള്ളടക്കത്തിനായി ആശ്രയിച്ചത് ഈ വാർത്തയെയാണ്: പൂർണ്ണമായും ഈ വാർത്തയുടെ പിൻബലത്തിലെഴുതുന്ന ഈ കുറിപ്പ് താങ്കളുടെ തമിഴിലുള്ള എഴുത്തിനോട് അനീതി ചെയ്യുന്നുണ്ടെങ്കിൽ, ക്ഷമിക്കണം. താങ്കളുടെ എഴുത്തിനെ സ്നേഹത്തോടെയും ആദരവോടെയും കാണുന്ന ആയിരക്കണക്കിന് മലയാളികളിൽ ഒരാളാണ്, ഞാൻ.

ആ എഴുത്തിൽ സമൃദ്ധമായുള്ള, അലോസരപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രസൂചനകളും, താങ്കൾ പൊതുസംവാദങ്ങളിൽ പലപ്പോഴും സ്വീകരിക്കുന്ന രാഷ്രീയ നിലപാടുകളിലെ വങ്കത്തങ്ങളും, താങ്കളുടെ എഴുത്തിനെ വിലയിരുത്താനും വിമർശിച്ചില്ലാതാക്കാനുമുള്ള മാനകങ്ങളായി ഞങ്ങൾ കണ്ടിട്ടില്ല. നിങ്ങളുടെ എഴുത്ത് നിങ്ങളുടെ രാഷ്ടീയ ഭോഷ്ക്കിനെ ചലപ്പോഴെങ്കിലും മറികടക്കുന്നുണ്ട്. പക്ഷേ, നിങ്ങൾ "മഞ്ഞുമ്മൽ ബോയ്സി''നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല. "കുടിച്ചു കുത്താടുന്ന പെറുക്കികൾ" എന്നാണ് നിങ്ങൾ ആ സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പെറുക്കികൾ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങൾക്ക്, 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് പ്രകാശവർഷങ്ങൾ സഞ്ചരിക്കേണ്ടി വരും. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും-- അവർ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്-- ഒരു കയറിന്റെ രണ്ടറ്റങ്ങളിൽ അവരുടെ ശരീരങ്ങൾ കെട്ടിയിട്ടപ്പോൾ, അവരുടെ പെറുക്കിത്തരത്തിന്റെ നിസ്സാരതകളിൽ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവർ സ്നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാർക്കു മുമ്പിൽ, സ്വാർത്ഥപുറ്റുകൾക്കുള്ളിൾ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മൾ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്.

കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. പ്രതികരണം അർഹിക്കാത്ത, മലയാള സിനിമയോട് രോഗാതുരമായ വെറുപ്പ് വമിപ്പിക്കുന്ന നിരവധി പരാമർശങ്ങൾ നടത്തുണ്ടല്ലോ, താങ്കൾ. താരതമ്യം നടത്തി മലയാള സിനിമയെ പുഴക്‌ത്താൻ ഞാൻ ഒരുമ്പെടുന്നില്ല. കാരണം താങ്കളുടെ വെറുപ്പിന്റെ യുക്തി ഒരിക്കലും പിന്തുടരാൻ ഞങ്ങൾക്ക് കഴിയില്ല. മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് താങ്കൾ പറയുന്നത്. ഈ കണ്ടെത്തൽ താങ്കൾ വസ്തുതകൾ വെളിപ്പെടുത്തി വിശദീകരിക്കണം. അല്ലാതെ ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല, ജയമോഹൻ. അതെ, എറണാകുളത്ത് ഞങ്ങളുടെ ചെറുപ്പക്കാരുണ്ട്. ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാർ. അവരുടെ ലഹരി സൗഹൃദമാണ്, സിനിമയാണ്. കൂടുതൽ പറയുന്നില്ല. കാരണം, മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് ഞങ്ങളുടെ ചലച്ചിത്ര സംസ്കാരം. 'ഗുണ' എന്ന സിനിമയ്ക്കും, കമലഹാസനും, ഇളയരാജയ്ക്കും ചിദംബരം എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നൽകിയ ട്രിബ്യൂട്ട് പോലും, നിങ്ങളുടെ കണ്ണിലെ വെറുപ്പിന്റെ ഇരുട്ടിൽ തെളിഞ്ഞു കാണുന്നില്ല.

പോലിസ് ആളുകളെ തല്ലച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന നിങ്ങൾ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെ, വാഗമണ്ണിലെ കുന്നുകളിൽ നിന്ന് പൊട്ടിയ മദ്യക്കുപ്പികൾ വാരിക്കളഞ്ഞ ആ ഹൈക്കോടതി വക്കീലിന്റെ കഥയുണ്ടല്ലോ, നിങ്ങൾ ശരിക്ക് ചിരിപ്പിച്ചു കൊന്നു. സുഭാഷിനെയും കൊണ്ട് കുട്ടൻ മരണക്കുഴിയിൽ നിന്ന് കര കയറുമ്പോൾ പശ്ചാത്തലത്തിൽ കമലഹാസന്റെ ശബ്ദത്തിൽ മുഴങ്ങുന്ന "മനിതർ ഉണർന്നു കൊൾക, ഇത് മനിതർ കാതലല്ല" തന്ന ഗുസ്ബംബ്സ് ഒരു രക്ഷയുമില്ല. പക്ഷേ, ഒരു വിയോജിപ്പുണ്ട്. സിനിമ പറയുന്നത് മനിതരുടെ സ്നേഹം തന്നെയാണ്. ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാൻ പറ. Let us celebrate camaraderie, love is our religion. Let’s rock on, let’s party, boys!!!'- ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ജയമോഹന്റെ വാക്കുകൾ ഇങ്ങനെ

'തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ ചുരുങ്ങിയത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്.

സിനിമയിലുള്ളതുപോലെ കുടിച്ചശേഷം മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിച്ചാൽ മതി. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. ഇത്തരം കാര്യങ്ങൾ അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും. ഇവർക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലാവും ഉത്തരം. എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയുകയുംചെയ്യും.

ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലിൽ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാൻ ആന ഡോക്ടർ എന്ന നോവലെഴുതിയത്. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. കേരളത്തിലെ വിവാഹങ്ങൾക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. ഏത് കല്യാണത്തിനും മദ്യപർ പ്രശ്നമുണ്ടാക്കുന്നു. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയർപ്പാക്കുന്നവർ. രണ്ട് നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികൾ. തമിഴ്നാടും ഇപ്പോൾ കേരളത്തിൻറെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവൽക്കരിക്കുന്നവരാണ് മലയാളികൾ. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

മലയാള സിനിമയിൽ സാധാരണക്കാർ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവൽക്കരിക്കുന്ന സിനിമകൾ മുൻപും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിൻറെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സർക്കാർ അവിടെയുണ്ടെങ്കിൽ ഇത്തരം സംവിധായകർക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകൾ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ ഞാൻ നികൃഷ്ടരായാണ് കാണുന്നത്.

സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തിൽ 'പെറുക്കികളെ' സാമാന്യവൽക്കരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിൻറെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനൽ ഗ്യാങ്ങുകൾക്കുള്ളിൽ പരിത്യാഗത്തിൻറേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാൾക്ക് അവാർഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjummel BoysB. UnnikrishanJeyamohan
News Summary - B. Unnikrishan Reply About Jeyamohan blog against malayala cinema Manjummel Boys
Next Story