തന്നെ അപമാനിക്കുന്നതിന് പിന്നിൽ ആരാണെന്ന് അറിയാം; നിലപാടിൽ ഉറച്ചു നിൽക്കും -ബാബുരാജ്
text_fieldsതനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുളള പരാതി വ്യാജമാണെന്ന് നടൻ ബാബുരാജ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ തനിക്ക് അറിയാമെന്നും കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. എന്ത് തന്നെ വന്നാലും തന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നു ബാബുരാജ് കൂട്ടിച്ചേർത്തു.
ബാബു രാജിന്റെ വാക്കുകൾ ഇങ്ങനെ...
'ഡിനു തോമസ് സംവിധാനം ചെയ്ത റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ "കൂദാശ" സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിങ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിങ് ചെലവിലേക്ക് അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചെലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്.
നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ വി.ബി ക്രിയേഷൻ എന്ന എന്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ ഫ്ലക്സ് ബോർഡ് വക്കാൻ 18 ലക്ഷത്തോളം ഞാൻ ചെലവാകുകയും ചെയ്തു. സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല.
പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്. പി ഓഫീസിൽ പരാതി നൽകി. എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് .
കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്റെ വിവരങ്ങൾ കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ "നിലപാടുകളിൽ "ഞാൻ ഉറച്ചു നിൽക്കും'.
തിരുവില്വാമല സ്വദേശി റിയാസാണ് ബാബു രാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ പരാതി നൽകിയത്. 2018ൽ പുറത്ത് ഇറങ്ങിയ കൂദാശ എന്ന സിനിമയുടെ നിർമാണത്തിന്റെ ഭാഗമായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് താരങ്ങൾക്കെതിരെയുള്ള പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.