മിന്നൽ മുരളി രണ്ടാം ഭാഗം; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ബേസിൽ ജോസഫ്
text_fieldsമിന്നൽ മുരളി രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ബേസിൽ ജോസഫ്. മിന്നൽ മുരളിയെക്കാൾ വലിയ മുതൽമുടക്കിൽ രണ്ടാം ഭാഗം നിർമ്മിക്കുമെന്നും ബേസിൽ പറഞ്ഞു. 'പൂക്കാലം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിലാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.
'തീർച്ചയായും ഇത് 'മിന്നൽ മുരളി'യെക്കാൾ വലിയ മുതൽമുടക്കിലും നിർമ്മാണ മൂല്യത്തിലും ഒരുക്കും. രണ്ടാം ഭാഗത്തിന് നെറ്റ്ഫ്ലിക്സിന്റെ പങ്കാളിത്തം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല' -ബേസിൽ പറഞ്ഞു.രണ്ടാം ഭാഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ചോദ്യത്തിന്, ‘സ്ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങൾ രണ്ടാം ഭഗത്തിന് വലിയ എക്സ്പെറ്റേഷൻസ് ആണ് നൽകുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം’-ബേസിൽ കൂട്ടിച്ചേർത്തു.
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ബേസിൽ അറിയിച്ചിരുന്നു.
ബേസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'പൂക്കാലം' ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ എത്തും. 'ആനന്ദം' എന്ന ചിത്രത്തിനുശേഷം ഗണേഷ് രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ കൂടാതെ ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.