ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു
text_fieldsആലപ്പുഴ: ശ്രദ്ധേയ സിനിമാഗാന രചനയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. ഇവിടെവെച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലു മുതൽ മങ്കൊമ്പ് കോട്ടഭാഗം ശിവശങ്കരപ്പിള്ള ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മങ്കൊമ്പിലെ വീട്ടുവളപ്പിൽ. മങ്കൊമ്പ് മായാസദനത്തില്‍ പരേതനായ ബാലകൃഷ്ണന്റെ മകനാണ്.
ഭരതന്റെ ‘ചമയം’ ചിത്രത്തിൽ സഹ സംവിധായകനും തിരക്കഥ സഹായിയുമായി പ്രവർത്തിച്ചു. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയുടെ ഗാനങ്ങൾ രചിച്ചാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കം. 2004ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ജലോത്സവം’ സിനിമയിലെ ‘കേരനിരകളാടും ഒരു ഹരിതചാരു തീരം...’ എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി. കേരളീയത നിറഞ്ഞ 10 പാട്ടുകൾ ആകാശവാണി തെരഞ്ഞെടുത്തപ്പോൾ രണ്ടാംസ്ഥാനത്ത് ‘കേര നിരകൾ...’ സ്ഥാനം പിടിച്ചു. ഇരുപത്തഞ്ചോളം സിനിമകള്‍ക്ക് ഗാനമെഴുതി.
1993ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരത്തിന് അര്‍ഹമായ ‘ജോണി’ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ‘തട്ടിൻപുറത്തെ അച്യുതൻ’ ആണ് പാട്ടെഴുതിയ അവസാന ചിത്രം.
രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവെച്ചിരുന്നു. ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കുമായി 200ഓളം ഗാനങ്ങൾ രചിച്ചു. ചാനല്‍ അവതാരകനായി 15 വർഷം പ്രവർത്തിച്ചു. മാതാവ്: പരേതയായ കല്യാണിക്കുട്ടിയമ്മ. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം). മക്കള്‍: ഇളപ്രസാദ്, കവിപ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.