ബിയോണ്ട് ദ നെസ്റ്റ്: തീക്ഷ്ണാനുഭവത്തിെൻറ ചിത്രഭാഷ
text_fieldsപയ്യന്നൂർ: കോവിഡ്കാല അനുഭവങ്ങൾ കോർത്തിണക്കി കുട്ടികളുടെ കൂട്ടായ്മയിൽ തയാറാക്കിയ ബിയോണ്ട് ദ നെസ്റ്റ് എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ. കളിക്കുന്നതിനിടെ അബദ്ധത്തിൽ മരത്തിൽ നിന്നു വീണ കിളിക്കൂടിലെ മുട്ട സംരക്ഷിക്കാൻ കുട്ടികൾ നടത്തുന്ന ശ്രമം ലോക്ഡൗൺ മൂലം തടസ്സപ്പെടുന്നതും അവർ അനുഭവിക്കുന്ന സംഘർഷങ്ങളുമാണ് വിഷയം. കുട്ടികളുടെ സ്വാഭാവികമായ അഭിനയവും ദൃശ്യഭംഗിയും മനോഹരമായ എഡിറ്റിങ്ങും എല്ലാം ചേർന്ന് ചിത്രം വ്യത്യസ്തമായ കാഴ്ചാനുഭവമാകുന്നു.
കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ജീവൻ ജിനേഷാണ് രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത്. കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിൽ കവിത രചനക്ക് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കണ്ണൂർ പി.ആർ.ഡി നടത്തിയ വിഡിയോ ഫീച്ചർ മത്സരത്തിൽ ഒന്നാം സ്ഥാനത്തിനും അർഹനായി. മൂന്നാം തരം വിദ്യാർഥികളായ അരവിന്ദ്, ദേവ്ന എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്തിെൻറ മകനാണ് അരവിന്ദ്. രവീന്ദ്രൻ പെരിയാട്ട്, ആരതി, നൈജു എന്നിവരും വേഷമിട്ടു. ദയ, പ്ലസ് വൺകാരായ അനുരാഗ്, വി.കെ.ശ്രാവൺ, ആറാം ക്ലാസുകാരനായ അനുജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കാമറ: പ്രണവ് ബോധി. സംഗീതം: ജോയ് മാസ്റ്റർ.ചിത്രത്തിെൻറ ഉദ്ഘാടനം പിലാത്തറ പെരിയാട്ട് പൊതുജന വായനശാലയിൽ ടി.വി.രാജേഷ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം സി.പി. ഷിജു അധ്യക്ഷത വഹിച്ചു. സന്തോഷ് മണ്ടൂർ,ബാബു കാമ്പ്രത്ത് എന്നിവർ സംസാരിച്ചു. കെ.ജനാർദനൻ സ്വാഗതവും കെ. സഹദേവൻ നന്ദിയും പറഞ്ഞു. യുട്യൂബ് റിലീസ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.