സംസ്ഥാന അവാർഡ് തിളക്കത്തിൽ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്
text_fieldsഒരു സിനിമയിൽ ഗാനത്തിനുള്ളത് പോലെ തന്നെ തുല്യമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നൃത്തം. നൃത്ത കലാകാരന്മാർ ഒരുപാട് ഉണ്ടെങ്കിലും പലരേയും ലോകം അറിയാതെ പോകുന്നുമുണ്ട് എന്നതാണ് സത്യം. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തത് പ്രശസ്ത കലാകാരൻ ബിജു ധ്വനിതരംഗിനെ ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ഷാനവാസ് നാരായണിപ്പുഴ സംവിധാനം നിർവ്വഹിച്ച 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന് വേണ്ടി ബിജു ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങൾക്ക് ആണ് പുരസ്ക്കാരത്തിനർഹമാക്കിയത്. എന്ത് കൊണ്ടും അർഹനീയമായ നേട്ടം തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അത്രമേൽ ഓരോ മലയാളിയുടെ മനസ്സിലും സുജാതയുടെ നൃത്ത രംഗങ്ങൾ പതിഞ്ഞിട്ടുണ്ട്.
ശ്യാമള സേവിയർ എന്ന സ്വന്തം അമ്മയായ ഗുരുവിന്റെ ശിക്ഷണത്തിൽ നൃത്തത്തിലെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ബിജു ധ്വനിതരംഗ് പ്രശസ്തമായ ആർ.എൽ.വി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ബി.എ എടുക്കുകയുണ്ടായി. ഒരുപാടു സ്റ്റേജ് പ്രോഗ്രാമുകൾ കഴിവുള്ള കലാകാരന്മാരോടൊപ്പം ചെയ്യാൻ ഭാഗ്യം ലഭിച്ച ഇദ്ദേഹം ഒട്ടനവധി നടീനടന്മാർക്ക് നൃത്തത്തിൽ ഗുരുവായിട്ടുണ്. ശേഷമാണ് മലയാള സിനിമാ പ്രവേശനം. ആദ്യമായി 2014ൽ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദൻ സനുഷ പ്രയാഗ മാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിനാണ് നൃത്ത രംഗങ്ങൾ പകർന്ന് നൽകിയത്.
പിന്നീട് 2018ൽ പുറത്തിറങ്ങിയ എം.മോഹൻ സംവിധാനം നിർവ്വഹിച്ച 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യാൻ അവസരം ലഭിച്ചു. ആ ചിത്രത്തിലെ ഒട്ടു മിക്ക ഗാനങ്ങൾക്കും ബിജു ധ്വനിതരംഗ് തന്നെയാണ് ചുവടുകൾ പകർന്നു നൽകിയത്. എന്നാൽ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വേളയിൽ പ്രസ്തുത ചിത്രത്തിലെ കൊറിയോഗ്രാഫി നിർവ്വഹിച്ച പ്രശസ്തനായ മറ്റൊരു കലാകാരനെയാണ് പുരസ്കാരത്തിന് അർഹനായത്. ടൈറ്റിലിലെ തന്റെ പേര് ഇല്ലാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നത്തെ ജൂറി അംഗങ്ങൾ വാദിച്ചു. എന്തായാലും അർഹതയുള്ളവരെ അതിന്റെ അംഗീകാരം തേടിയെത്തും എന്നതിനുള്ള തെളിവായാണ് ഈ നേട്ടത്തെ ബിജു ധ്വനിതരംഗ് കാണുന്നത്. ഇത് ഇരട്ടി മധുരം എന്നാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ.
ലോക്ഡൗൺ കാലഘട്ടത്തിൽ അമ്മയായ ശ്യാമള സേവിയറും ഒത്തു ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നൃത്ത രംഗങ്ങൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. സിത്താര കൃഷ്ണകുമാറിന്റെ തരംഗമായി മാറിയ മ്യൂസിക്കൽ ആൽബം 'തരുണി' യുടെയും നൃത്തച്ചുവടുകൾ ഇദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. 'കണ്ണാടി', സ്റ്റാൻഡേർഡ് 10 ഇ, ഖെദ്ദ എന്നീ ചിത്രങ്ങളാണ് ഇനി ഇദ്ദേഹത്തിന്റെതായി ഇറങ്ങാനുള്ളത്.
പി. ശിവപ്രസാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.