'ആർക്കറിയാം' ഒ.ടി.ടി റിലീസിന്; പ്രേക്ഷകരിലേക്കെത്തുന്നത് ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ
text_fieldsബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ആർക്കറിയാം' മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റൽ റിലീസിന്. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രം മേയ് 19ന് നീസ്ട്രീം, റൂട്സ് വിഡിയോ, കേവ് എന്നിവയിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ഏപ്രിൽ 11ന് തിയറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ഡൗൺ കാരണം അധികം പേർക്കും ചിത്രം കാണാൻ സാധിച്ചിരുന്നില്ല. ചിത്രം കാണാൻ സാധിക്കാത്ത പ്രേക്ഷകർക്ക് ഡിജിറ്റൽ ദൃശ്യവിസ്മയം ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
വിരമിച്ച ഗണിത അധ്യാപകന്‍റെ വേഷമാണ് ചിത്രത്തിൽ ബിജു മേനോൻ കൈകാര്യം ചെയ്യുന്നത്. 72 വയസുകാരനായ ഇട്ടിയവറ ആയിട്ടുള്ള താരത്തിന്‍റെ മേക്കോവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത ദിവസങ്ങളിലായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയ ഓപറേഷൻ ജാവ (സീ 5), നായാട്ട് (നെറ്റ്ഫ്ലിക്സ്), നിഴൽ (ആമസോൺ പ്രൈം) എന്നിവ മികച്ച അഭിപ്രായം നേടിയിരുന്നു.
ഒ.പി.എം സിനിമാസിന്‍റെയും മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ആഷിഖ് അബുവും സന്തോഷ് ടി. കുരുവിളയും ചേർന്നാണ് 'ആർക്കറിയാം' നിർമിച്ചിരിക്കുന്നത്. സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. മഹേഷ് നാരായണനാണ് എഡിറ്റിങ്. നേഹ നായരും യെക്സാൻ ഗാരിപെരേരയുമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.