സ്വപ്നനേട്ടത്തിന്റെ ആഹ്ലാദത്തിൽ ബീന ടീച്ചര്‍
text_fieldsതൃത്താല (പാലക്കാട്): ബാല്യകാലം തൊട്ടുള്ള അഭിനവപാടവത്തിന് ഒടുവില്‍ പുരസ്കാരനേട്ടം തേടിയെത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് ബീന ടീച്ചര്‍. ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരത്തിനർഹയായ പരുതൂർ സ്വദേശിനി ബീന ആർ. ചന്ദ്രൻ, രണ്ടു തവണ വിവാഹമോചിതയായ ഗീത എന്ന അംഗൻവാടി അധ്യാപികയുടെ കഥാപാത്രത്തിലൂടെ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ‘തടവ്’ കണ്ടവരെല്ലാം മികച്ച അഭിനയമാണെന്നും പുരസ്കാരത്തിന് സാധ്യതയുണ്ടെന്നും പറഞ്ഞെങ്കിലും ആഗ്രഹിക്കാന്‍പോലും പേടിയായിരുന്നെന്ന് ഇവർ പറയുന്നു. ഇപ്പോള്‍ ആ സത്യം യാഥാര്‍ഥ്യമായപ്പോള്‍ പറയാനാകാത്ത സന്തോഷം. 28 വര്‍ഷമായി പരുതൂര്‍ സി.യു.പി സ്കൂളിൽ അധ്യാപികയായ ബീന തിറ, അതിര് തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. പരുതൂര്‍ ഗ്രാമത്തിലെ പച്ചപ്പുകളും ഗ്രാമീണഭംഗിയുമെല്ലാം കടന്നുവന്ന സിനിമയിൽ ടീച്ചറുടെ സഹപ്രവര്‍ത്തകരായ സുബ്രഹ്മണ്യന് ഹംസയായും, അനിത സുമയായും വേഷമിട്ടിരുന്നു.
ചെറുപ്പകാലത്ത് മിമിക്രി, മോണോആക്ട്, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവയിൽ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ബീന ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.ടി. രാമചന്ദ്രൻ മാസ്റ്ററുടെയും പരുതൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. ശാന്തകുമാരി ടീച്ചറുടെയും മകളാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിയിൽ ഒന്നാംസ്ഥാനം നേടിയ ബീന ആറങ്ങോട്ടുകരയിലെ നാടകരംഗത്ത് സജീവ സാന്നിധ്യമാണ്. ഭര്‍ത്താവ് വിജയകുമാര്‍ ബിസിനസുകാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.