യു.പിയിൽ കാല് കുത്തിയാൽ അറസ്റ്റ്; കേരളത്തിൽ തണലുതേടി അനുരാഗ് കശ്യപ്
text_fieldsഉത്തർ പ്രദേശിലെ തീവ്ര ഹിന്ദുത്വ വാദികളെ ഭയന്ന് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യാതിഥിയായിരുന്നു അനുരാഗ് കശ്യപ്. മുഖ്യാതിഥിയായ അനുരാഗ് കശ്യപ് ഒരു ഇരയാണെന്നും ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായതായും രഞ്ജിത്ത് പറഞ്ഞു. യു.പിയില്‍ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്ത്യയില്‍ സ്വാതന്ത്രമായി യാത്ര ചെയ്യാന്‍ പറ്റുന്ന രണ്ട് സംസ്ഥാനങ്ങളെയുള്ളൂവെന്നും അവ കേരളവും തമിഴ്നാടുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞതായും രഞ്ജിത്ത് പറഞ്ഞു. സര്‍ക്കാരിന്‍റെ സാംസ്കാരിക നയമാണ് അതിഥികളെ തീരുമാനിച്ച് കൊണ്ടുവന്നതിലെന്നും രഞ്ജിത്ത് 'മീഡിയവൺ' ചാനലിനോട് പറഞ്ഞു.
ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് അനുരാഗ് കശ്യപ് ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞു. പരീക്ഷണ സിനിമകൾ മാത്രമല്ല മുൻനിര സിനിമകൾ പോലും വളരെ മികവ് പുലർത്തുന്നുണ്ട്. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടി ഭാവന ചടങ്ങിൽ അപ്രതീക്ഷിത മുഖ്യാതിഥിയായിരുന്നു. കുർദിഷ് സംവിധായിക ലിസ ചലാനെ മുഖ്യമന്ത്രി 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി ആദരിച്ചു. നടി ഭാവനയെ പരിപാടിയിലേക്ക് ക്ഷണിച്ചത് താനാണെന്നും രഞ്ജിത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.