നഷ്ടക്കണക്കിൽ 1000 കോടി ക്ലബിൽ ബോളിവുഡ്; പകുതിയും അക്ഷയ്കുമാർ സിനിമകൾ കാരണം
text_fieldsലാൽസിങ് ഛദ്ദ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, ഷംഷേര, ധക്കഡ്, ബച്ചൻ പാണ്ഡേ, ഏക് വില്ലൻ റിട്ടേൺസ്, 83, ഹീറോപന്തി 2, ദൊബാര.... ബോക്സ് ഓഫിസിൽ ബോളിവുഡ് സിനിമകളുടെ പതനം തുടരുകയാണ്. ശതകോടികൾ വാരാമെന്ന് മോഹിച്ചു നിർമിച്ച വമ്പൻ ചിത്രങ്ങളെല്ലാം വൻ പരാജയങ്ങളായതോടെ ബോളിവുഡിന്റെ സഞ്ചിത നഷ്ടം ആയിരം കോടി കടന്നു. 2019ൽ ബോളിവുഡ് സിനിമകൾ കൊയ്തെടുത്ത വാർഷിക വരുമാനം ഏകദേശം 4392 കോടി രൂപയായിരുന്നു. ഈ വർഷം പരമാവധി വരുമാനം 3400 കോടി രൂപയിൽ ഒതുങ്ങുമെന്നാണു വിലയിരുത്തൽ. നഷ്ടം 1000 കോടിയോളം.
റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം പരിഗണിച്ചാൽ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലയായ ബോളിവുഡിനെ സംബന്ധിച്ചിടത്തോളം ഇതു മോശം കാലമാണ്. ചെറിയ ചിത്രങ്ങളും ഒ.ടി.ടി റിലീസുകളും ഒഴിവാക്കിയാൽ, വലിയ മുതൽ മുടക്കിൽ നിർമിച്ച മുപ്പതോളം ബോളിവുഡ് ചിത്രങ്ങളാണ് ഈ വർഷം ഇതു വരെ തിയറ്ററിലെത്തിയത്. അവയിൽ, വാണിജ്യ വിജയം നേടിയതു വെറും രണ്ടു ചിത്രങ്ങൾ! അവയ്ക്കു പുറമേ, ഏതാനും ചിത്രങ്ങൾ കൂടി ഒരു വിധം പിടിച്ചു നിന്നു. തിയറ്ററുകളിൽ ഇടിഞ്ഞു പൊളിഞ്ഞു വീണതു ചെറിയ ചിത്രങ്ങൾ മാത്രമല്ല, വമ്പൻ താരങ്ങളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ കൂടിയാണ്.
നടൻ അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ് പരാജയ സിനിമകളിൽ വലിയൊരു വിഭാഗം. സമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡേ, രക്ഷാബന്ധൻ ഇങ്ങിനെ നിർമാതാക്കൾക്ക് കോടികൾ നഷ്ടമുണ്ടാക്കിയ സിനിമകളാണ്. കങ്കണ രണാവത്തിന്റെ ധാക്കഡ് മെറ്റാരു വമ്പൻ ഫ്ലോപ്പായിരുന്നു. 'എന്റെ സിനിമകൾ വിജയിക്കുന്നില്ലെങ്കിൽ അത് ഞങ്ങളുടെ തെറ്റാണ്, അത് എന്റെ തെറ്റാണ്. എനിക്ക് മാറ്റങ്ങൾ വരുത്തണം. പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് ഞാൻ മനസ്സിലാക്കണം. എന്റെ പ്രവർത്തന രീതി പൊളിച്ചെഴുതണം, എങ്ങനെയുള്ള സിനിമകളാണ് ഞാൻ ചെയ്യേണ്ടതെന്ന് ചിന്തിക്കണം. എന്നെയല്ലാതെ മറ്റാരും കുറ്റപ്പെടുത്തേണ്ടതില്ല' എന്നൊക്കെയാണ് അക്ഷയ് കുമാർ തന്റെ തുടർച്ചയായ പരാജയങ്ങളെപ്പറ്റി പ്രതികരിച്ചത്.
ഈ പ്രതിസന്ധികൾക്കിടയിലാണ് ബോളിവുഡ് സിനിമകള്‍ ബഹിഷ്‌കരിക്കാനുളള ആഹ്വാനവുമായി ഒരുവിഭാഗം രംഗത്ത് ഇറങ്ങിയത്. നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബോളിവുഡ് സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ നിർദേശം ഉയരുന്നത്.'ലാല്‍ സിങ് ഛദ്ദ' എന്ന ആമീര്‍ ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ വലിയ ബഹിഷ്‌ക്കരണമാണ് നേരിട്ടത്. 'ലാല്‍ സിങ് ഛദ്ദ'യെ പിന്തുണച്ച് രംഗത്തെത്തിയ ഹൃത്വിക് റോഷന്റെ പുതിയ ചിത്രമായ വിക്രം വേദയ്ക്ക് എതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നുവന്നു. അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധന്‍ എന്ന സിനിമക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പുറമെ, ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന പത്താനും സമാനമായ അനുഭവമാകും.
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പറയുന്ന ആലിയ ഭട്ടിന്റെ 'ഡാര്‍ലിങ്സ് 'എന്ന സിനിമക്കെതിരെയും ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന 'ബ്രഹ്‌മാസ്ത്ര' എന്ന പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമയും വന്‍ പ്രതിഷേധം നേരിടുകയാണ്.
മതപരമായ വ്യക്തികളുടെയോ ചരിത്ര സംഭവങ്ങളുടെയോ ചിത്രീകരണം, ഗാര്‍ഹിക പീഡനം, മുന്‍കാലങ്ങളില്‍ അഭിനേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍, അല്ലെങ്കില്‍ മറ്റ് സിനിമകളില്‍ നിന്ന് പകര്‍ത്തി എന്നുള്ള ആരോപണം എന്നിങ്ങനെ ബോളിവുഡിനെതിരെയുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു.
'അസഹിഷ്ണുത'യെക്കുറിച്ചുള്ള മുന്‍ പരാമര്‍ശങ്ങളുടെ പേരില്‍ ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. ഇതിനിടെ, തപ്സി പന്നു നായികയായി എത്തുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ദോബാരായെയും ബഹിഷ്‌കരിക്കാന്‍ അനുരാഗ് കശ്യപ് അടുത്തിടെ തമാശയായി പറഞ്ഞിരുന്നു. 'നമ്മളും ട്രെന്‍ഡിനൊപ്പം പോകണമെന്നാണ് ഞാന്‍ കരുതുന്നത്. ബഹിഷ്‌കരണ സംസ്‌കാരം ഒരു തമാശയാണ്, എനിക്കും ആ തമാശയുടെ ഭാഗമാകണം', അനുരാഗ് കശ്യപ് പറഞ്ഞു.
ആമിർ ഖാന്റെ ലാല്‍ സിങ് ഛദ്ദക്ക് മികച്ച പ്രതികരണമായിരുന്നില്ല ആദ്യ ദിവസങ്ങളിൽ ലഭിച്ചിരുന്നത്. രക്ഷാബന്ധന്‍ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം 12 കോടി രൂപയുടെ ഓപണിങ് കളക്ഷനാണ് നേടിയത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ആമിര്‍ ഖാന്റെ ഏറ്റവും മോശം ഓപണിങ് കളക്ഷന്‍ നേടുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ബോക്‌സ് ഓഫീസില്‍ 50 കോടി തികയ്ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.