'എന്തു മാത്രം സന്തോഷവാനായിരുന്നു അദ്ദേഹം..എന്നിട്ടും?
text_fieldsമുംബൈ: 'എന്തുമാത്രം സന്തോഷവാനായിരുന്നു അദ്ദേഹം..അത്രയേറെ പ്രതിഭാധനനായ നടനായിരുന്നിട്ടും ഒട്ടും അഹന്തയില്ലാത്ത ആളായിരുന്നു. അങ്ങേയറ്റം ഉത്സാഹവാനും. നന്നായി വായിക്കുകയും ഒട്ടേറെ വിഷയങ്ങളിൽ അഗാധമായ അറിവുള്ളയാളുമായിരുന്നു. നടനെന്ന നിലയിൽ പൂർണതക്ക് ഏതറ്റം വരെ പോകാനും മടിയില്ലായിരുന്നു. ഓരോ സീനും കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചൊരാൾ..' -കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടൻ ആസിഫ് ബസ്റയെക്കുറിച്ച് സംവിധായകൻ സിദ്ധാർഥ് മൽഹോത്രക്ക് പറയാനേറെയുണ്ട്. സിദ്ധാർഥ് സംവിധാനം ചെയ്ത ഹിച്ച്കിയിൽ ആസിഫ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ബസ്റയുടെ വിയോഗവാർത്ത വ്യാഴാഴ്ച ഒരു ന്യൂസ് പോർട്ടലാണ് പുറത്തുവിട്ടത്. ഹിമാചൽ പ്രദേശിൽ ധർമശാലയിലെ മക്ലോയ്ഡ് ഗഞ്ചിൽ വാടകക്ക് താമസിക്കുന്ന അപാർട്മെൻറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 53 കാരനായ ആസിഫ്വിദേശിയായ കാമുകിക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. മക്ലോയ്ഡ് ഗഞ്ചിൽ ഇതിനു പുറമെ മറ്റൊരു ഫ്ലാറ്റ് കൂടി വാടകക്കെടുത്തിരുന്നു. രാവിലെ 10.30ന് വളർത്തുനായക്കൊപ്പം നടക്കാൻ പോയ ആസിഫ് മടങ്ങിവരാതിരുന്നതിനെ തുടർന്ന് കാമുകി അന്വേഷിച്ചിറങ്ങിയതോടെയാണ് വാടകക്കെടുത്ത മറ്റേ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കെണ്ടത്തിയത്.
മുംബൈയിലെ തിരക്കുകളിൽനിന്നകന്ന് താമസിക്കാനാണ് ആസിഫ് എപ്പോഴും ഇഷ്ടപ്പെട്ടിരുന്നതെന്ന് സിദ്ധാർഥ് മൽഹോത്ര പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി ധർമശാലയിലാണ് താമസം. 'ഏറെ സന്തോഷം നൽകുന്ന സ്ഥലമാണ് ധർമശാലയെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. കുന്നുകളും പച്ചപ്പുമൊക്കെ നിറഞ്ഞ അവിടം ഏറെ ഇഷ്ടമായിരുന്നു. അവിടെ സാധാരണക്കാരനെപ്പോലെ കറങ്ങിനടക്കാനും അദ്ദേഹത്തിന് ഏറെ താൽപര്യമായിരുന്നു' -സിദ്ധാർഥ് പറഞ്ഞു.
കാണുേമ്പാഴും സംസാരിക്കുേമ്പാഴുമെല്ലാം സന്തോഷവാനും ഊർജസ്വലനുമായി കാണപ്പെട്ടിരുന്ന ബസ്റ ആത്മഹത്യ ചെയ്തുവെന്ന വാർത്ത സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉൾക്കൊള്ളാനാവുന്നില്ല. 'കശ്മീർ ഫയൽസിൽ വീണ്ടും അദ്ദേഹത്തെ ഉൾപെടുത്തുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. തനിക്ക് വിദേശ സിനിമയിൽനിന്ന് കൂടുതൽ ഓഫറുകൾ വരുന്നുെണ്ടന്നും രാജ്യാന്തര സിനിമയിൽ സജീവമാകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സംരംഭങ്ങളിൽ അദ്ദേഹവുമൊത്ത് സഹകരിച്ചയാെളന്ന നിലയിൽ, ആസിഫ് ബസ്റക്കൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമായിരുന്നുവെന്ന് നിസ്സംശയം പറയാൻ കഴിയും. അത്രയും ചുറുചുറുക്കും ഉത്സാഹവുമുള്ളയാളാണ്. കഴിഞ്ഞ വർഷം ഒന്നിച്ച് ഷൂട്ടിങ്ങിലുണ്ടായിരുന്നപ്പോൾ പോലും അത്രമാത്രം സന്തോഷവാനായിരുന്നു അദ്ദേഹം' -സംവിധായകൻ വിവേക് അഗ്നിേഹാത്രി പറഞ്ഞു.
ബോളിവുഡിലെ ശ്രദ്ധേയരായ നടന്മാരിലൊരാളായിരുന്നു ആസിഫ് ബസ്റ. 1991ൽ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. തുടർന്ന് ബോളിവുഡിലെത്തിയ അദ്ദേഹം കയ് പോ ചെ, പർസാനിയ, ബ്ലാക്ക് ഫ്രൈഡേ, ജബ് വീ മെറ്റ് തുടങ്ങി നിരവധി ഹിന്ദി സിനിമകളിലും ഔട്ട്സോഴ്സ് , വൺ നൈറ്റ് വിത്ത് ദ കിങ് എന്നീ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. ചെറിയ റോളുകളിൽ പോലും തന്മയത്വമാർന്ന ബസ്റയുടെ അഭിനയശേഷി ബോളിവുഡിെൻറ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ജബ് വീ മെറ്റി'ൽ ഒരു കച്ചവടക്കാരെൻറ റോളിലാണ് ഉണ്ടായിരുന്നത്. എന്നാൽ, ആ സിനിമയിൽ റെയിൽവേ സ്റ്റേഷനിൽ കരീന കപൂറിനൊപ്പമുള്ള ഒരു സീൻ മാത്രം മതി ബസ്റയുടെ അഭിനയപാടവത്തിെൻറ സാക്ഷ്യമായി ഉയർത്തിക്കാട്ടാൻ.
അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിെൻറ അഭിനയം ശ്രദ്ധേയമായിരുന്നു. വൊ, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും പരസ്യ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ബസ്റയുടെ അകാലവിയോഗത്തിൽ കരീന കപൂർ, നവാസുദ്ദീൻ സിദ്ദീഖി, പ്രിയങ്ക ചോപ്ര, മനോജ് ബാജ്പേയി, സ്വര ഭാസ്കർ, അനുപം ഖേർ, അനുഷ്ക ശർമ, ശ്രദ്ധ കപൂർ തുടങ്ങി ബോളിവുഡിലെ പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.