എന്നും ബോളിവുഡിന്റെ 'ഹിറ്റ് ഗേൾ'
text_fieldsന്യൂഡൽഹി: 'ജൂബിലി ഗേൾ'- ഇന്ത്യൻ സിനിമ ചരിത്രം ആശാ പാരേഖിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. നായികയായി അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും വിജയ ജൂബിലി ആഘോഷിക്കപ്പെട്ടതിന്റെ പേരിലാണ് ഇത്.
തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികതക്കുള്ള അംഗീകാരമായി ഇപ്പോൾ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയും ബോളിവുഡിന്റെ എക്കാലത്തെയും 'ഹിറ്റ് ഗേളി'നെ തേടിയെത്തിയിരിക്കുന്നു.
നായികയായി അരങ്ങേറാനിരുന്ന സിനിമയിൽനിന്ന് 'താരഭംഗി'യില്ല എന്നുപറഞ്ഞ് ചിത്രീകരണത്തിന്റെ രണ്ടാംനാൾ പുറത്താക്കപ്പെട്ടയാൾ ഇന്ത്യയിലെ 'ആദ്യ ലേഡി സൂപ്പർ സ്റ്റാർ' പദവി സ്വന്തമാക്കിയ ഹിറ്റ് കഥയാണ് ആശാ പാരേഖിന്റെ ജീവിതം.
1942ലെ ഗാന്ധിജയന്തി ദിനത്തിൽ ഗുജറാത്തിൽ ജനിച്ച ആശയെ പിതാവ് ബച്ചുഭായ് പാരേഖും മാതാവ് സൽമയും ചെറുപ്പത്തിൽതന്നെ നൃത്തം പരിശീലിപ്പിച്ചിരുന്നു. 1952ൽ 'ആസ്മാൻ' എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു അരങ്ങേറ്റം.
വിഖ്യാത സംവിധായകൻ ബിമൽ റോയ് 'ബാപ് ബേട്ടി' എന്ന സിനിമയിലേക്ക് ക്ഷണിച്ച ശേഷമാണ് ആശ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടത്. 1959ൽ സംവിധായകൻ വിജയ് ഭട്ട് 'ഗൂഞ്ച് ഉഡി ശഹ്നായ്' എന്ന സിനിമയിലേക്ക് നായികയായി തെരഞ്ഞെടുത്തെങ്കിലും ചിത്രീകരണത്തിന്റെ രണ്ടാം നാൾ മറ്റൊരു നടിക്കുവേണ്ടി ഒഴിവാക്കപ്പെട്ടു.
എന്നാൽ, എട്ടു ദിവസത്തിനുള്ളിൽ സംവിധായകൻ നാസിർ ഹുസൈനും നിർമാതാവ് സുബോധ് മുഖർജിയും 'ദിൽ ദേകേ ദേഖോ' എന്ന സിനിമയിൽ നായികയാക്കി.
ഷമ്മി കപൂർ നായകനായ ചിത്രം സൂപ്പർ ഹിറ്റ് ആയതോടെ ആശയുടെ താരമൂല്യം ഉയർന്നു. 'ജബ് പ്യാർ കിസി സേ ഹോതാ ഹേ', 'ഫിർ വഹി ദിൽ ലായാ ഹൂ', 'തീസ്രി മൻസിൽ', 'ബഹാരോം കാ സപ്ന', 'ഫിർ പ്യാർ കാ മോസം' തുടങ്ങി നിരവധി ഹിറ്റുകൾ ആശയുടേതായി പിറന്നു.
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ നാസിർ ഹുസൈനുമായുള്ള പ്രണയം സഫലമാകാഞ്ഞതിനാൽ വിവാഹം കഴിച്ചതുമില്ല. 'ഖട്ടി പതംഗ്' സിനിമയിലെ അഭിനയത്തിന് 1970ൽ ഫിലിം ഫെയർ അവാർഡ് നേടിയിരുന്നു. 2002ൽ ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും നേടി.
കലാകാർ അവാർഡ് (2004), ഇൻറർനാഷനൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് (2006), പുണെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് (2007), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലിവിങ് ലജൻഡ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
1998ൽ ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ പ്രഥമ വനിത അധ്യക്ഷയായി. സിനിമ നിരൂപകൻ ഖാലിദ് മുഹമ്മദുമായി ചേർന്ന് രചിച്ച ആത്മകഥ 'ദി ഹിറ്റ് ഗേൾ' 2017ലാണ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.