ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന ‘ഐ കിൽഡ് ബാപ്പു’ സിനിമ പരിശോധിക്കാൻ മുൻ ചീഫ് ജസ്റ്റിസുമാരുടെ പാനൽ
text_fieldsമുംബൈ: ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുന്ന സിനിമ ‘ഐ കിൽഡ് ബാപ്പു’വിനെതിരെ ബോംബെ ഹൈകോടതിയിൽ ഹരജി. രാഷ്ട്രപിതാവിനെ അപകീർത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതായും ആരോപിച്ച് വ്യവസായി മുഹമ്മദ് അൻസാരിയാണ് ഹരജി നൽകിയത്. സിനിമക്കുള്ള സർട്ടിഫിക്കറ്റ് റദ്ദാക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും പ്രദർശനം തടയണമെന്നുമാണ് ആവശ്യം.
സിനിമ പരിശോധിക്കാൻ പാനലിന് രൂപംനൽകണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമാരായ അംജദ് സയ്യദ്, അഭയ് തിപ്സെ, സംവിധായകനും നടനുമായ അമോൽ പലേക്കർ എന്നിവരുടെ പാനലിന് രൂപം നൽകി. ഇവർക്കായി സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള ചെലവ് ഹരജിക്കാരൻ വഹിക്കണം.
സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാനലിനോട് കോടതി ആവശ്യപ്പെട്ടു. വിഭജനത്തിന്റെ ഉത്തരവാദിത്തം ഗാന്ധിക്കാണെന്നാണ് സിനിമ പറയുന്നതെന്നും ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ ‘ഹീറോ’ ആക്കുന്നുവെന്നും ഹരജിക്കാരൻ ആരോപിച്ചു. ഗാന്ധിയുടെ പ്രതിഛായ തകർക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.