രൺബീറിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കലക്ഷനുമായി ബ്രഹ്മാസ്ത്ര; 'സജ്ഞു'വിനേയും കടത്തിവെട്ടി
text_fieldsബോക്‌സ് ഓഫീസിൽ തകർപ്പൻ തുടക്കവുമായി ബ്രഹ്മാസ്ത്ര. രൺബീർ കപൂർ നായകനായ ചിത്രം ബോളിവുഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു. 410 കോടിരൂപ ബജറ്റിൽ നിർമിച്ച ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായാണ് വിവരം. സഞ്ജുവിനെ മറികടന്ന് രൺബീറിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കലക്ഷൻ നേടുന്ന ചിത്രമായി ബ്രഹ്മാസ്ത്ര മാറിയേക്കും.
രൺബീർ കപൂറിനൊപ്പം ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന 'ബ്രഹ്മാസ്ത്ര', മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. അയാൻ മുഖർജിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഒരു ലക്ഷം കടന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ കോവിഡിന് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയ ചിത്രം കൂടിയായി മാറി ബ്രഹ്മാസ്ത്ര. റിലീസിന് മുമ്പ് തന്നെ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ 18 കോടി നേടിയിരുന്നു.
നാഷണൽ മൾട്ടിപ്ലെക്‌സ് ശൃംഖലകളിൽ ചിത്രത്തിന്റെ 3D ഫോർമാറ്റിനാണ് മികച്ച ബുക്കിങ്ങുള്ളത്. അതിലൂടെയാണ് ചിത്രം കോടികൾ വാരിയത്. ഗുജറാത്തിലും സെൻട്രൽ സർക്യൂട്ടിലും മുന്നേറ്റം കുറവാണ്. രൺബീറിന്റെ അവസാന ഹിറ്റായ സഞ്ജു, 2018-ൽ റിലീസ് ചെയ്ത ദിവസം 34.50 കോടി വരുമാനം രേഖപ്പെടുത്തിയിരുന്നു. സഞ്ജു 586 കോടി രൂപയാണ് മൊത്തം കലക്ട് ചെയ്തത്. സഞ്ജുവിന്റെ വളർച്ചാ നിരക്കുമായി പൊരുത്തപ്പെടാൻ ബ്രഹ്മാസ്ത്രയ്ക്ക് കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയിൽ നല്ല വി.എഫ്.എക്സും ആക്ഷനും ആണെന്നാണ് ആദ്യ അവലോകനങ്ങൾ പറയുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമ യുവാക്കൾക്കും പ്രിയപ്പെട്ടതായിട്ടുണ്ട്.
ബ്രഹ്മാസ്ത്രയ്ക്ക് ലഭിച്ച മറ്റൊരു മുൻതൂക്കം ആന്ധ്രാപ്രദേശിൽ ലഭിച്ച വ്യാപകമായ റിലീസും തിരക്കുമാണ്. നാഗാർജുനയുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രമോഷനുകളിൽ എസ്.എസ് രാജമൗലിയുടെയും ജൂനിയർ എൻടിആറിന്റെയും പങ്കാളിത്തവും ചിത്രത്തിന് മറ്റ് ഹിന്ദി ചിത്രങ്ങളെ അപേക്ഷിച്ച് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വലിയ പ്രചാരം നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ തെലുഗു മൊഴിമാറ്റ പതിപ്പിന് മൂന്ന് കോടിയിലധികം അഡ്വാൻസ് ബുക്കിങ് ആണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.