കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയുമായി മമ്മൂട്ടി, നായകനോ വില്ലനോ! 'ഭ്രമയുഗം' പോസ്റ്റർ പുറത്ത്
text_fieldsമമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്.
കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആന്റ് വെെറ്റിൽ ചിത്രീകരിക്കുന്ന ഹൊറർ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തിൽ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രമെത്തുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററുകളിൽ എത്തും.
'ഞങ്ങളുടെ ആദ്യ നിർമ്മാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് 'ഭ്രമയുഗം'- നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പറഞ്ഞു.
'മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. 'ഭ്രമയുഗം' കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവൻ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്‌സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ഭ്രമയുഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.