ദൃശ്യം 2 തിരക്കഥ ലോകോത്തരം; ജീത്തുവിന് രാജമൗലിയുെട വാട്സാപ്പ് സന്ദേശം
text_fieldsഒ.ടി.ടി റിലീസായി എത്തി വൻവിജയമായ മോഹൻ ലാലിന്‍റെ ദൃശ്യം 2 തീർത്ത അലയൊലികൾ നിലക്കുന്നില്ല. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് സന്തോഷിക്കാൻ വക നൽകിക്കൊണ്ട് സംവിധായകൻ ജീത്തു ജോസഫിനെ പ്രശംസിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലി സന്ദേശമയച്ചു.
ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍പീസാണെന്നും അതിനോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന രണ്ടാം ഭാഗത്തിലെ തിരക്കഥ ലോകോത്തര നിലവാരത്തിലുള്ളതാണെന്നും രാജമൗലി വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചു.
രാജമൗലിയുടെ സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച ജീത്തു 'ബാഹുബലി' സംവിധായകന് നന്ദിയറിയിച്ചിരുന്നു.
2013ൽ പുറത്തിറങ്ങിയ ബോക്സ് ഓഫിസ് ഹിറ്റ് ചിത്രമായ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ഫെബ്രുവരി 19നാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്. ഒ.ടി.ടി റിലീസായതിനാൽ തന്നെ ആഗോള തലത്തിൽ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസൻ, എസ്തർ, മുരളി ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. തെലുഗുവിൽ വെങ്കിടേശിനെ നായകനാക്കി ദൃശ്യം 2 ഒരുക്കുകയാണ് ജീത്തു ഇപ്പോൾ.
രാജമൗലിയുടെ സന്ദേശത്തിന്‍റെ പൂർണ്ണരൂപം:
ഹായ് ജീത്തു, ഞാൻ സംവിധായകൻ രാജമൗലി. കുറച്ചുദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അത് ഏറെ നേരം എന്‍റെ ചിന്തകളിൽ നിറഞ്ഞു നിന്നു. അതുകൊണ്ട് ദൃശ്യം ആദ്യഭാഗം പോയി കണ്ടു (ദൃശ്യത്തിന്‍റെ തെലുഗു പതിപ്പായിരുന്നു റിലീസായപ്പോള്‍ കണ്ടിരുന്നത്).
ഞാനിത് പറയാൻ ആഗ്രഹിക്കുന്നു... ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ, എഡിറ്റിങ്, അഭിനയം എല്ലാം അമ്പരപ്പിക്കുന്നതാണ്. പക്ഷേ സിനിമയുടെ രചന അതിനുമപ്പുറം മറ്റെന്തോ ആണ്. അത് ലോക നിലവാരമുള്ള ഒന്നാണ്. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍ പീസ് ആയിരുന്നെങ്കില്‍, ആദ്യഭാഗത്തോട് ഇഴചേര്‍ന്നുപോകുന്നു രണ്ടാം ഭാഗം. അത്ര തന്നെ കെട്ടുറപ്പോടെ പിടിച്ചിരുത്തുന്ന രീതിയിലൊരുക്കിയ സ്റ്റോറിലൈനിന് മികവ് ഒട്ടും ചോരുന്നില്ല. നിങ്ങളിൽ നിന്ന് കൂടുതൽ മാസ്റ്റര്‍ പീസുകള്‍ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.