'ദൈവത്തിനങ്ങനെ വിവേചനമൊന്നുമില്ല, ഡിമാൻറ് ആൻഡ് സപ്ലൈ' -ഉദ്വേഗം നിറച്ച് 'സി.ബി.ഐ 5' ട്രെയിലർ
text_fieldsകൊച്ചി: ' ആ 20 മിനിറ്റിലുണ്ട്, എല്ലാ സംശയങ്ങൾക്കും കൺഫ്യൂഷൻസിനുമുള്ള ഉത്തരം' -സി.ബി.ഐ ചലച്ചിത്ര പരമ്പരയുടെ അഞ്ചാം ഭാഗം ബാസ്കറ്റ് കില്ലിങ്ങിന്റെ ഉള്ളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇൻവെസ്റ്റിഗേഷനാണെന്ന സൂചന നൽകി ആരാധകരിൽ ഉദ്വേഗം ജനിപ്പിച്ച് 'സി.ബി.ഐ 5: ദ് ബ്രെയ്ൻ' ട്രെയിലർ ഇറങ്ങി.
ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളിക്കിറങ്ങുന്ന സേതുരാമയ്യരെ പഴയ അതേ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന മമ്മൂട്ടി തന്നെയാണ് ട്രെയിലറിലെ ആവേശക്കാഴ്ച. മുൻ സിനിമകളിൽ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജഗതിയെയും ട്രെയിലറിൽ കാണാം. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവും ഗംഭീരമാകും എന്ന സൂചനയാണ് ട്രെയ്‍ലർ നൽകുന്നത്.
സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. ചിത്രം മേയ് ഒന്നിന് തീയേറ്ററുകളിലെത്തും.
രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം-ജേക്സ് ബിജോയ്, ഛായാഗ്രഹണം-അഖിൽ ജോർജ്, എഡിറ്റിങ്-ശ്രീകർ പ്രസാദ്.
സേതുരാമയ്യർ സീരീസിലെ ഇതുവരെയുള്ള നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988ൽ 'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്' ആണ് ആദ്യമെത്തിയത്. 1989ൽ 'ജാഗ്രത' എന്ന പേരിൽ രണ്ടാംഭാഗമിറങ്ങി. 2004ൽ 'സേതുരാമയ്യർ സി.ബി.ഐ'യും, 2005ൽ 'നേരറിയാൻ സി.ബി.ഐ'യും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.