ഫൈൻ ആർട്സ് കോളജിന് ചാഡ്വിക് ബോസ്മാെൻറ പേര് നൽകി ഹൊവാർഡ് യൂണിവേഴ്സിറ്റി
text_fieldsയു.എസിലെ കറുത്തവെൻറ സ്വപ്നങ്ങൾക്ക് സൂപ്പർഹീറോ പരിവേഷം നൽകിയ 'ബ്ലാക് പാന്തർ' നായകൻ ചാഡ്വിക് ബോസ്മാന് ആദരവുമായി ഹൊവാർഡ് യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫൈൻ ആർട്സ് കോളജിന് പൂർവ്വ വിദ്യാർഥി കൂടിയായ താരത്തിെൻറ പേര് നൽകിക്കൊണ്ടാണ് ഹൊവാർഡ് ആദരവേകിയത്. ചാഡ്വിക് ബോസ്മാൻ കോളജ് ഓഫ് ഫൈൻ ആർട്സ് എന്നാണ് ഇപ്പോഴത്തെ പേര്.
43 വയസുകാരനായ താരം വയറ്റിൽ അർബുദബാധയെ തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു വിട പറഞ്ഞത്. ലോസ് ആഞ്ജലസിലെ സ്വവസതിയിൽ വെച്ചായിരുന്നു മരണം. അഞ്ച് വർഷം മുമ്പ് വൻകുടലിൽ അർബുദം സ്ഥിരീകരിച്ചിട്ടും രോഗം വകവെക്കാതെ തുടർന്നും നിരവധി ഹോളിവുഡ് സിനിമകളിൽ ചാഡ്വിക്ക് വേഷമിട്ടിരുന്നു.
2000-ത്തിലായിരുന്നു ചാഡ്വിക് ഹൊവാർഡിൽ നിന്ന് ഡയറക്ടിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്. കോളേജ് ഓഫ് ആർട്സ് & സയൻസസിൽ ലയിപ്പിക്കുന്നതിനായി പരിഗണനയിലുണ്ടായിരുന്ന ഫൈൻ ആർട്സ് കോളേജിനെ അതിൽ നിന്നും സംരക്ഷിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നതായി യൂണിവേഴ്സിറ്റി വ്യക്തമാക്കി.
ടി.വി സീരിയലുകളായ 'തേഡ് വാച്ച്', 'ലോ ആൻഡ് ഓർഡർ', 'ഇ.ആർ' തുടങ്ങിയവയിൽ അഭിനയത്തിന് തുടക്കമിട്ട് അതിവേഗം ഹോളിവുഡും കടന്ന് ലോകത്തോളമുയർന്ന ചാഡ്വിക്ക് ബോസ്മാൻ 2008ലെ 'ദ എക്സ്പ്രസി'ലൂടെയാണ് സിനിമയിലെത്തുന്നത്.
അമേരിക്കയെ എന്നും വേട്ടയാടിയ വംശീയ അതിരുകൾ ഭേദിച്ച് തിയറ്ററുകൾ കീഴടക്കിയ കറുത്തവെൻറ കഥാപാത്രങ്ങളായ ജയിംസ് ബ്രൗൺ, തുർഗുഡ് മാർഷൽ, ജാക്കി റോബിൻസൺ എന്നിവ ബോസ്മാൻ അനശ്വരമാക്കി. ആഫ്രിക്കൻ സംസ്കാരത്തിെൻറ ആഘോഷമായി 2018ൽ ലോകം മുഴുക്കെ റിലീസ് ചെയ്യപ്പെട്ട ബ്ലാക് പാന്തർ അതിവേഗം ബോക്സ് ഓഫിസുകൾ കീഴടക്കി.
മികച്ച ചിത്രം ഉൾപ്പെടെ ആറ് ഓസ്കർ നാമനിർദേശങ്ങളാണ് ചിത്രം നേടിയത്. മൂന്ന് അക്കാദമി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു. ബ്ലാക് പാന്തർ ചിത്രത്തിലെ റോൾ 2016ൽ ആദ്യമായി 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാറി'ൽ അവതരിപ്പിച്ച ശേഷമായിരുന്നു 2018ലും തുടർന്ന് 2019ലും അവെഞ്ചേഴ്സ് സിനിമകളിൽ ആവർത്തിച്ചത്.
യു.എസിൽ പൊലീസ് ഭീകരതക്കെതിരെ തുറന്ന കത്തെഴുതിയും ശ്രദ്ധേയനായി. അഞ്ച് വർഷം മുമ്പ് വൻകുടലിന് അർബുദം സാരമായ ഘട്ടത്തിലെത്തിയ സമയത്താണ് തിരിച്ചറിയുന്നത്. നിരവധി ശസ്ത്രക്രിയകൾക്കിടെയും അഭിനയജീവിതം തുടർന്നതിനൊടുവിൽ കഴിഞ്ഞ വർഷം രോഗം അതിഗുരുതരമാകുകയായിരുന്നു. ലിറോയ്-കരോലൈൻ ദമ്പതികളുടെ മകനായി സൗത്ത് കരോലൈനിലായിരുന്നു ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.