വലിയ വീഴ്ചകളിൽ നിന്നാണ് ചാമ്പ്യൻമാർ ഉണ്ടായിട്ടുള്ളത്, ഇന്ത്യ നിങ്ങൾക്കൊപ്പം; വിനേഷിനെ പിന്തുണച്ച് മോഹൻലാൽ
text_fieldsകൊച്ചി: ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് ചലച്ചിത്രതാരം മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് വിനേഷിനെ പിന്തുണച്ച് മോഹൻലാൽ രംഗത്തെത്തിയത്. വലിയ വീഴ്ചകളിൽ നിന്നാണ് പലപ്പോഴും ചാമ്പ്യൻമാർ ഉണ്ടായിട്ടുള്ളതെന്ന് ഓർമിക്കണമെന്ന് മോഹൻലാൽ പറഞ്ഞു.
നിങ്ങൾ യഥാർഥ പോരാളിയാണ്. വിനേഷ് തിരിച്ചു വരുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. മുമ്പത്തേക്കാളും കരുത്തയായി തിരിച്ചു വരൂ. ഇന്ത്യ ഒരുമിച്ച് വിനേഷിനൊപ്പമുണ്ടെന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ദിനമാണ് കടന്നു പോയത്. വെള്ളി ഉറപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് കഴിഞ്ഞ ദിവസം അയോഗ്യത വന്നിരുന്നു. ഭാരക്കൂടുതലിന്റെ പേരിലാണ് അവരെ അയോഗ്യയാക്കിയത്.
100 ഗ്രാം ഭാരമായിരുന്നു വിനേഷ് ഫോഗട്ടിന് കൂടുതലുണ്ടായിരുന്നത്. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചുവെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.