നൊമ്പരമായി നൗഷാദിന്‍റെ ഏക മകൾ-രണ്ടാഴ്ച മുമ്പ് ഉമ്മ പോയി, ഇപ്പോള്‍ ബാപ്പയും
text_fieldsസെലിബ്രിറ്റി ഷെഫും ചലച്ചിത്ര നിർമ്മാതാവുമായ നൗഷാദിന്‍റെ മരണം പോലെ തന്നെ മലയാള സിനിമാലോകത്തിന് നൊമ്പരമാകുകയാണ് അദ്ദേഹത്തിന്‍റെ ഏക മകൾ നഷ്വയും. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇപ്പോൾ നഷ്‌വയെ തനിച്ചാക്കി നൗഷാദ് കൂടി യാത്രയായിരിക്കുന്നു. ഒരു മാസമായി തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. രോഗങ്ങളോട് പൊരുതി കൊണ്ടിരിക്കെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ് മരിച്ചത് നൗഷാദിനെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യയുടെ മൃതദേഹം ഐ.സി.യുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്. മാതാവിന്‍റെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്‌വ. അതും അസ്ഥാനത്താക്കിയാണ് അവളെ അനാഥയാക്കിയുള്ള നൗഷാദിന്‍റെ മടക്കം. ഏറെ നാളത്തെ ചികിൽസയ്ക്കു ശേഷമാണ് നൗഷാദ്-ഷീബ ദമ്പതികൾക്ക് മകൾ ജനിച്ചത്.
സൗമ്യമായ പുഞ്ചിരിയിലൂടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിലുടെയും ഏവർക്കും പ്രിയങ്കരനായിരുന്ന നൗഷാദിന്‍റെ അകാലത്തിലുള്ള വിയോഗത്തിന്‍റെ നടുക്കത്തിൽ നിന്ന് മോചിതരാകാത്ത സിനിമാലോകത്തെ സുഹൃത്തുക്കൾക്ക് നഷ്വയുടെ സങ്കടവും വേദനയാകുകയാണ്. 'അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്‌വ മോളെ ചേർത്തു പിടിച്ചു കൊള്ളും' എന്നാണ് നിർമ്മാതാവ് ആേന്റാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. 'അദ്ദേഹത്തിന്‍റെ ചിരിക്കുന്ന മുഖം മനസിൽ നിന്നു മായുന്നില്ല. 13 വയസുള്ള നഷ്‌വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്‌വയെ നമ്മുക്ക് ചേർത്തുനിർത്താം'- എന്നായിരുന്നു നിർമ്മാതാവും പ്രോജക്ട് ഡിസൈനറുമായ എൻ.എം. ബാദുഷയുടെ വാക്കുകൾ.
ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹം നടക്കാതെ പോയതിന്‍റെ വിഷമവും ബാദുഷ പങ്കുവെക്കുന്നു. 'ഒരുമിച്ച് സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ പറയുമായിരുന്നു. എന്നാൽ, ഇതുവരെ അത് യാഥാർഥ്യമായില്ല. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്ടമായിരുന്നു എന്നെ, എനിക്ക് അദ്ദേഹത്തെയും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു-'മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ' എന്ന്. അദ്ദേഹത്തിന് ഏറ്റവുമിഷ്ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി. നായരമ്പലത്തെയും ബിജു മേനോനെയും വച്ച് ഞാനൊരു പ്രൊജക്ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അസുഖം ഭേദമായി വന്നുകഴിയുമ്പോൾ എനിക്ക് നീ ആദ്യമത് ചെയ്തു തരണമെന്നും പറഞ്ഞു. അതെല്ലാം ഞാൻ സെറ്റ് ചെയ്തു വച്ചിരുന്നതുമാണ്. പക്ഷേ അതിനൊന്നും നിൽക്കാതെ അദ്ദേഹം യാത്രയായി'- ബാദുഷ പറയുന്നു. ഏറെ പ്രിയങ്കരനായ നൗഷാദിന് സിനിമാ ലോകം ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, ദിലീപ്, ബി. ഉണ്ണികൃഷ്ണൻ, ആസിഫ് അലി, മനോജ് കെ. ജയൻ, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.