പാർലമെന്‍റിൽ 'ഛാവ': പ്രത്യേക പ്രദർശനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
text_fieldsഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ വിക്കി കൗശലിന്‍റെ ഛാവ പാർലമെന്‍റിൽ പ്രദർശിപ്പിക്കും. മാർച്ച് 27 ന് നടക്കുന്ന പ്രദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, പാർലമെന്‍റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. നടൻ വിക്കി കൗശലും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും സ്‌ക്രീനിങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ധീരതക്കും ചെറുത്തുനിൽപ്പിനും പേരുകേട്ട ഛത്രപതി സംഭാജി മഹാരാജിന്‍റെ ചരിത്രപരവും സാംസ്കാരിക പ്രാധാന്യവും സർക്കാർ അംഗീകരിച്ചതിനെ ഈ പ്രദർശനം എടുത്തുകാണിക്കുന്നു. രാഷ്ട്രീയ നേതാക്കൾക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ചലച്ചിത്ര ചിത്രീകരണത്തിൽ പങ്കെടുക്കാൻ ഈ പരിപാടി അവസരം നൽകും' അധികൃതർ വ്യക്തമാക്കി. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ഛാവ. ഫെബ്രുവരി 14 ന് ഇറങ്ങിയ ചിത്രം മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് പറയുന്നത്.
അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ വെച്ച് മികച്ച ഓപ്പണിങ് ആണ് ഛാവക്ക് ലഭിച്ചത്. മികച്ച പ്രതികരണങ്ങൾക്ക് ശേഷം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെന്ന റെക്കോഡും ഛാവക്കുണ്ട്. ഇത് വിക്കിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ കൂടിയാണ്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.