രാത്രി ഏഴ് മണിക്ക് ശേഷം കുട്ടികളെ അഭിനയിപ്പിക്കരുത്; നിർദേശവുമായി ബാലാവകാശ കമീഷൻ
text_fieldsബാലതാരങ്ങളെ ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമീഷൻ. ഇതുസംബന്ധമായ മാർഗനിർദേശം ചലച്ചിത്ര മേഖലക്ക് നൽകി. ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നല്‍കണമെന്നും രാത്രി ഏഴ് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തിനുള്ളില്‍ കുട്ടികളെ ഷൂട്ടിങ്ങിൽ പങ്കെടുപ്പിക്കരുതെന്നും പുറത്ത് ഇറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.
സിനിമാ ചിത്രീകരണത്തിനും മറ്റ് വിനോദ പരിപാടികൾക്കും വേണ്ടി കുട്ടികളെ ഉൾപ്പെടുത്തണമെങ്കിൽ സെറ്റ് പരിശോധിച്ചതിന് ശേഷം നിർമ്മാതാവ് പെർമിറ്റ് എടുക്കണം. കൂടാതെ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതിയും തേടണം.
സിനിമാ ചിത്രീകരണങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. സ്‌കൂളില്‍ പോകുന്നതിന് പുറമെ സ്വകാര്യ ട്യൂഷൻ നല്‍കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇത് നിർമാതാവിന്റെ ഉത്തരവാദിത്തമാണ്.
കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന കഥാപാത്രങ്ങളിൽ അഭിനയിപ്പിക്കരുത്. ഇതും നിർമാതാവിന്റെ ചുമതലയാണ്. മദ്യം കഴിക്കുകയോ പുകവലിക്കുകയോ നഗ്‌നത പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. പോഷകപ്രദമായ ഭക്ഷണവും വിശ്രമത്തിനുമുള്ള സൗകര്യവും ഷൂട്ടിങ് സെറ്റിൽ ഒരുക്കണം. മറ്റുള്ളവര്‍ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ പ്രൊട്ടോകോളും ഉണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.