‘ഡബ്ല്യു.സി.സി അംഗങ്ങൾ എന്‍റെ ഹീറോസ്; കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു’
text_fieldsചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനും തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും കാരണക്കാരായ ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമാ കളക്ടീവ്) അംഗങ്ങളാണ് തന്‍റെ ഹീറോസെന്ന് ദക്ഷിണേന്ത്യൻ പിന്നണി ഗായിക ചിന്മയി ശ്രീപദ. ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് മലയാളി സമൂഹം നൽകുന്ന പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചുപോവുകയാണെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചിന്മയി പറഞ്ഞു. തമിഴ്, തെലുഗ് ഉൾപ്പെടെയുള്ള ഇതരഭാഷാ സിനിമാ മേഖലകളിലെ സ്ത്രീകൾക്ക് സമാന പിന്തുണ ലഭിക്കാത്തതിലുള്ള ആശങ്കയും ചിന്മയി പങ്കുവച്ചു.
“ഹേമ കമ്മിറ്റിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും ഡബ്ല്യു.സി.സി അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഡബ്ല്യൂ.സി.സി അംഗങ്ങളാണ് എന്‍റെ ഹീറോസ്. അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിന് ലഭിക്കുന്ന പിന്തുണകള്‍ കാണുമ്പോള്‍ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി സ്ത്രീകൾ ഒറ്റക്കെട്ടായിനിന്നു. ഇതൊന്നും ഇതര ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല. ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. എനിക്കിതുവരെ ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടില്ല.
ഞങ്ങൾ ഒരു സംഭവം പുറത്തു പറഞ്ഞാലും അതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്താലും ഒന്നും സംഭവിക്കില്ല. ആ കേസ് വർഷങ്ങളും പതിറ്റാണ്ടുകളും കിടന്നിഴയും. കഴിഞ്ഞ ഏഴ് വർഷമായി ഞാൻ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുകയാണ്. ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിനായി ഇപ്പോഴും പോരാടുന്നു. തമിഴ് സിനിമാമേഖല എന്നെ ഒറ്റപ്പെടുത്തി, മാറ്റിനിർത്തുകയാണ് ചെയ്തത്. ആരും എനിക്കുവേണ്ടി ശബ്ദിച്ചില്ല. എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട്. മലയാളി നടിമാർ തമിഴ്, തെലുഗ് ഉൾപ്പെടെ വിവിധ സിനിമ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഒരു ഡബ്ല്യു.സി.സി കൊണ്ട് എല്ലായിടത്തെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നറിയാം.
ആരെയെങ്കിലും പീഡിപ്പിക്കാനുള്ള ഒരു അവസരം പോലും പാഴാക്കില്ലെന്നാണ് ഒരു മുതിർന്ന സിനിമാപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞത്. എന്നാൽ ഈ സംഭവങ്ങൾക്കപ്പുറമുള്ള പറയാത്ത കഥ ലൈംഗികാതിക്രമങ്ങളുടെ ആഘാതമാണ്. ഇത് അക്ഷരാർത്ഥത്തിൽ ആക്രമണത്തിന് ശേഷം ഒരു മനുഷ്യൻ ജീവനുള്ള മൃതദേഹം ഉപേക്ഷിക്കുന്നതുപോലെയാണ്. ഏത് ദിശയിൽ നിന്നാണ്, ആരിൽ നിന്നാണ് അടുത്ത ആക്രമണം വരുമെന്ന് ചിന്തിച്ച് ഭയമാണ് പലര്‍ക്കും. ഒരു ആജീവനാന്ത ശാപമാണിത്. നമ്മുടെ വ്യവസ്ഥിതിയിൽ മാതാപിതാക്കൾ പോലും ഇരകളോട് മിണ്ടാതിരിക്കാനും സംസാരിക്കാതിരിക്കാനുമാണ് പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങൾ സിനിമ മേഖലയിലെ മധ്യനിരയിലുള്ളവരെക്കുറിച്ചു മാത്രമാണ്. സൂപ്പർസ്റ്റാറുകളുടെ പങ്ക് ചൂണ്ടിക്കാട്ടാൻ ആരും തയാറായിട്ടില്ല. അവരും ഈ വിഷയത്തിൽ തെറ്റുകാരാണെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അവർ സംരക്ഷിക്കപ്പെടുന്നു. ഒരു സൂപ്പർസ്റ്റാറിനെതിരെ തമിഴിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നത് പിൻവലിക്കുകയിരുന്നു. ഇത്തരക്കാർ എല്ലായിടത്തുമുണ്ട്” -ചിന്മയി പറഞ്ഞു.
തമിഴ് സിനിമയയിലെ പല പ്രധാനികൾക്കെതിരെയും മി ടൂ ആരോപണവുമായി സധൈര്യം മുന്നോട്ടുവന്നയാളാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെയായിരുന്നു ചിന്മയി ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ നടൻ രാധാ രവിക്കെതിരെയും രംഗത്തെത്തിയിരുന്നു. മിക്ക കുറ്റവാളികളും സിനിമയിൽ ഒരുമിച്ച് നിന്നാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ‘അധികാരത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പണത്തിന്‍റെയും കൂട്ടുകെട്ട്’ എന്നാണ് ചിന്മയി വിശേഷിപ്പിച്ചത്. അധികാര ലോബി എല്ലായിടത്തും നിലവിലുണ്ട്. രാഷ്ട്രീയ ബന്ധങ്ങളും സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെ പിന്തുണയുമാണ് ഈ കുറ്റവാളികൾക്ക് തുണയാകുന്നതെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.