നൃത്ത സംവിധായകൻ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര അവാർഡ് റദ്ദാക്കി
text_fieldsന്യൂഡൽഹി:പോക്‌സോ കേസിൽ അറസ്റ്റിലായ നൃത്ത സംവിധായകൻ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി.ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ ദേശീയ ചലച്ചിത്ര അവാർഡ് സെൽ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. പ്രസ്താവനയിൽ ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്പെൻഡ് ചെയ്തായി അറിയിച്ചിട്ടുണ്ട്. കൂടാതെ ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ ഒക്ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നൃത്ത സംവിധായകന് നൽകിയ ക്ഷണവും പിൻവലിച്ചിട്ടുണ്ട്. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാർഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം.
ദേശീയ പുരസ്കാരം സ്വീകരിക്കുന്നതിനായി ഇയാൾക്ക് അടുത്തിടെ കോടതി ഇടകാലജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.ഹൈദരാബാദിലെ രംഗറെഡ്ഡി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്‌ടോബർ 6 മുതൽ 10 വരെയാണ് ജാനി മാസ്റ്റർക്ക് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജാമ്യത്തിലിരിക്കേ മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്നും മറ്റൊരു ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കരുതെന്നും കോടതിയിൽ നിന്ന് നിർദേശമുണ്ട്.
പ്രായപൂർത്തിയാവാത്ത തന്റെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്തംബർ 19 നാണ് ജാനി മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്ഷൻ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 ( ഭീഷണിപ്പെടുത്തൽ) കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ ), പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 2019 മുതൽ പെൺകുട്ടി ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഒന്നിലേറെ തവണ ഇത് തുടർന്നുവെന്നുമാണ് റായ്ദുർഗം പൊലീസിന് പെൺകുട്ടി മൊഴി നൽകിയത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി തന്നെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. നർസിംഗിലെ തൻ്റെ വസതിയിൽ വെച്ച് തന്നെ പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്.
ധനുഷ്, നിത്യ മേനോൻ, രാഷി ഖന്ന, തുടങ്ങിയവർ അഭിനയിച്ച തമിഴ് ചിത്രമായ തിരുച്ചിത്രാമ്പലത്തിലെ 'മേഘം കറുക്കാതാ' എന്ന ഗാനത്തിന്‍റെ നൃത്തസംവിധനത്തിനാണ് ജാനിക്ക് ഇത്തവണത്തെ ദേശീയ അവാർഡ് നേടിയത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുൻനിര കൊറിയോഗ്രാഫർമാരിൽ ഒരാളാണ് ജാനി മാസ്റ്റർ. സല്‍മാന്‍ ഖാന്‍ നായകനായ കിസീ കാ ഭായ് കിസീ കീ ജാന്‍, ജെയ്ലറിലെ 'കാവാല', മാരി 2 വിലെ 'റൗഡി ബേബി', സ്ത്രീ 2 ലെ 'ആയ് നായ്' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ. വിജയ്, രാം ചരണ്‍, ധനുഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളില്‍ മിക്കവര്‍ക്കുമൊപ്പം ഇയാൾ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.