ഐ.എഫ്.എഫ്.കെ: സുവർണചകോരം ക്ലാര സോളക്ക്; നിഷിദ്ധോ മികച്ച മലയാള ചിത്രം
text_fieldsതിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ക്ലാരാ സോളക്ക്. നതാലി അൽവാരെസ് മെസെന്‍റെ സംവിധാനം ചെയ്ത കോസ്റ്റാറിക്കൻ ചിത്രം പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് പ്രമേയമാക്കുന്നത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്.
ഏഷ്യയിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ (പെമ്പിൾസ്) നേടി. മികച്ച പ്രേക്ഷക ചിത്രം, രാജ്യാന്തര മത്സര വിഭാഗത്തിൽ ജൂറി പുരസ്‌കാരം എന്നിവയാണ് കൂഴങ്കൽ സ്വന്തമാക്കിയ മറ്റ് പുരസ്കാരങ്ങൾ.
മികച്ച സംവിധായകനുള്ള രജതചകോരം 'കമീലാ കംസ് ഔട്ട് റ്റു നൈറ്റി'ന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെവോക്കാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത 'യു റീസെമ്പിൾ മി' തെരഞ്ഞെടുക്കപ്പെട്ടു.
ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.എ - കെ.ആര്‍. മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലവും മലയാള ചിത്രമായ നിഷിദ്ധോയും തെരഞ്ഞെടുക്കപ്പെട്ടു. (സംവിധായിക -താരാ രാമാനുജൻ).
മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് മി മോണിങ്ങും ജൂറിയുടെ പ്രത്യേക പരാമർശം നേടി.
നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം ധനമന്ത്രി ടി.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ കൊച്ചിയിൽ നടക്കുന്ന റീജനൽ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് (ആർ.ഐ.എഫ്.എഫ്.കെ) ശേഷം ജില്ലകൾ തോറും ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ദീഖി മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയായി.
അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന്, സുവർണ ചകോരം നേടിയ ക്ലാരാ സോള പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.