കഥ തുടരും...രാജ്യാന്തര ചലച്ചിത്രമേള തലശ്ശേരി പതിപ്പിന് സമാപനം
text_fieldsകണ്ണൂർ: തലശ്ശേരിയുടെ ഹൃദയത്തിലെ ചായങ്ങൾ കൊണ്ട് നിറംപകർന്ന ചലച്ചിത്രമേളക്ക് സമാപനം. മേളയുടെ മൂന്നാം പതിപ്പിന് തിരശ്ശീല വീഴുമ്പോൾ പിഴവില്ലാത്ത സംഘാടന മികവുകൊണ്ടുകൂടി സിനിമ പ്രേമികളുടെ മനസ്സിൽ ശുഭം എന്നെഴുതിച്ചേർത്താണ് തലശ്ശേരിയോട് വിടപറയുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ, ചരിത്രത്തിലാദ്യമായി തലശ്ശേരിക്ക് ലഭിച്ച മേളയുടെ അഞ്ചു ദിവസവും ആവേശത്തോടെയാണ് ചലച്ചിത്ര പ്രേമികളും നാട്ടുകാരും ഏറ്റെടുത്തത്. പിഴവുകളില്ലാത്ത സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികച്ചുനിന്ന ഒന്നായിരുന്നു തലശ്ശേരിയിലെ മേള.
കോവിഡ് നെഗറ്റിവ് ആയവർക്ക് മാത്രമേ മേളയിലെത്തി സിനിമ കാണാൻ പറ്റൂ എന്നുള്ളത് മേളയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ആശങ്കയകറ്റി. മേളയുടെ ആദ്യദിനം മുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ചുരുളി, കോസ, ദി മാൻ ഹു സോൾഡ് ഹിസ് സ്കിൻ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടു പ്രദർശനങ്ങൾക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒരു കെട്ടിടത്തിൽ തന്നെ അഞ്ച് തിയറ്റർ ഉള്ളതിനാൽ വേദി അന്വേഷിച്ചുനടന്ന് സിനിമ പ്രേമികൾക്ക് സമയം കളയേണ്ടി വന്നില്ല.
അതുകൊണ്ടുതന്നെ ഒരു ദിവസം നാലിലേറെ സിനിമകൾ കാണാൻ പറ്റിയതായി ആസ്വാദകർ പറഞ്ഞു. സിനിമയുടെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത ഓപൺ ഫോറങ്ങളും 25 വർഷത്തെ മേളയുടെ നാൾവഴികൾ പ്രകാശിപ്പിച്ച ഫോട്ടോ പ്രദർശനവും പ്രധാന ആകർഷണമായിരുന്നു.
രണ്ടാം ലോക യുദ്ധത്തിെൻറ തുടക്കത്തിൽ, ഭർത്താവിെൻറ രഹസ്യ പ്രവർത്തനങ്ങൾമൂലം അനിശ്ചിതത്വത്തിലായ മാനസിക അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ട വനിതയുടെ ജീവിതകഥ പറയുന്ന വൈഫ് ഓഫ് എ സ്പൈ, കലയുടെ കച്ചവടവത്കരണത്തിെൻറ നേർക്കാഴ്ചകൾ തുറന്നുകാണിക്കുന്ന ദി മാൻ ഹു സോൾഡ് ഹിസ് സ്കിൻ എന്നീ ചിത്രങ്ങൾ സമാപനദിവസം പേക്ഷകരുടെ മനസ്സുനിറച്ചു.
ചലച്ചിത്ര മേളയുടെ സമാപന പതിപ്പിന് മാർച്ച് ഒന്നിന് പാലക്കാട് തിരിതെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.