ബധിരരുടെ വികാരവിചാരങ്ങൾ ഒപ്പിയ കോഡക്ക് ഓസ്കർ
text_fieldsലോസ് ആഞ്ജലസ്: ബധിരരുടെ വികാരവിചാരങ്ങൾ ഒപ്പിയ നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും അവരുടെ സമ്മർദങ്ങളെ അതിന്റെ എല്ലാ ആഴത്തിലും പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട് കോഡ അഥവാ 'ചൈൽഡ് ഓഫ് ഡഫ് അഡൽട്സ്'. ഹൈസ്കൂൾ വിദ്യാർഥിനിയായ റൂബിയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. സ്നേഹസമ്പന്നരായ പിതാവ്, മാതാവ്, ചേട്ടൻ എന്നിവരുടെ ശബ്ദം കൂടിയാണ് റൂബി. കുടുംബത്തിൽ അവൾ ഒഴിച്ച് മൂന്ന് പേരും ബധിരരും മൂകരുമാണ്. മീൻപിടിത്തമാണ് കുടുംബത്തിന്റെ തൊഴിൽ. ബോട്ടിൽ പിതാവിനും സഹോദരുമൊപ്പം റൂബിയും പോകും. ചന്തയിൽ മത്സ്യവിൽപനക്ക് മുന്നിൽ നിൽക്കുക റൂബിയാണ്. സമൂഹത്തിനു മുന്നിൽ എന്തിനും ഏതിനും മറ്റുള്ളവരുടെ ഇടനിലക്കാരിയാണ് അവൾ.
സ്കൂളിൽ ഇടക്കുവെച്ച് പാടുന്നതിലൂടെ തന്നിലെ ഗായികയെ തിരിച്ചറിഞ്ഞ റൂബിയുടെ പാട്ടുകാരി ആകണം എന്ന സ്വപ്നം കൂടിയാണ് 'കോഡ' പറയുന്നത്. റൂബിയായി വേഷമിട്ട എമിലിയ ജോൺസ് മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. പക്ഷേ, കേൾവി ശക്തിയില്ലാത്ത കുടുംബത്തിന് മകളുടെ പാട്ട് എന്ത് മനസ്സിലാകാൻ എന്ന ചോദ്യം ഒരിക്കലും ഉയർത്തുന്നില്ല സിനിമ. സഹതപിക്കേണ്ടവരാണ് ഇത്തരക്കാർ എന്ന് ഒരിടത്തും പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് സംവിധായിക സിയാൻ ഹെദർ.
റൂബിയുടെ ചുറ്റുപാടിലൂടെ നീങ്ങുന്ന ചിത്രം ഏവരുടെയും ഗംഭീരമായ പ്രകടനംകൊണ്ട് സമ്പന്നമാണ്. മികച്ച ഗായികയാകണമെന്ന നായികയുടെ ആഗ്രഹം സംഗീതവുമായി ബദ്ധപ്പെട്ട് കിടക്കുന്നതുകൊണ്ടുതന്നെ നിരവധി പാട്ടുകളിലൂടെയാണ് സിനിമയുടെ മുന്നോട്ടുപോക്ക്. സിനിമയിൽ റൂബിയുടെ പിതാവായി വരുന്ന ട്രോയ് കോട്സർ, മാതാവായി വരുന്ന മർലി മാറ്റ്ലിൻ, സഹോദരൻ ഡാനിയൽ ഡ്യുറന്റ് എന്നിവർ യഥാർഥ ജീവിതത്തിലും ബധിരരാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഓസ്കർ ട്രോയ് കോട്സറിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.