സ്ക്രീൻ വിട്ടിറങ്ങിയ വിവാദങ്ങൾ ബോക്സ് ഓഫിസിന് തീയിട്ട കാലം; പ്രതീക്ഷയായി ഒറ്റപ്പെട്ട സിനിമകൾ
text_fields2024ലെ മലയാള സിനിമയിലേക്കു തിരിഞ്ഞു നോക്കുമ്പോൾ സ്ക്രീനിനു പുറത്തെ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമാണ് മലയാളി പ്രേക്ഷകന്റെ മനസ്സിൽ തെളിയുന്നത്. കാലാ കാലങ്ങളായി അഭിനയത്തിന്റെ പുതിയ ചക്രവാളങ്ങളിൽ താരോദയത്തിന് സാക്ഷ്യം വഹിച്ച മലയാള സിനിമയിൽ വെളിപ്പെടുത്തലും പൊലീസ് കേസും അറസ്റ്റും ചാനൽ ചർച്ചകളും പത്രത്താളുകളും കാവടിയാടിത്തീർത്ത വിവാദകാലമാണ് വർഷാവസാനം ബാക്കിയാകുന്നത്. മലയാള സിനിമ മേഖലയിൽ ലൈംഗിക ആരോപണത്തിന്റെ ‘ബിഗ് സ്ക്രീൻ’ ഷോകൾ ബോക്സ് ഓഫിസ് തൂത്തുവാരി.
ആർക്കെതിരെയും ആരും വെളിപ്പെടുത്തലുകൾ നടത്താമെന്ന ഭീതിയിൽ മലയാള സിനിമ ലോകം തികഞ്ഞ അരക്ഷിതാവസ്ഥയിൽ മുന്നോട്ടു നീങ്ങിയ നാളുകൾ. വിഗ്രഹങ്ങൾ ചീട്ടുകൊട്ടാരം കണക്കേ വീണുടഞ്ഞു. പാപത്തിന്റെ ഭൂപടങ്ങളിൽ തങ്ങളും അടയാളപ്പെടുമോയെന്ന് ഭയപ്പെട്ട് പല നടന്മാരുടെയും ഉറക്കം നഷ്ടപ്പെട്ടു. കാഴ്ചപ്പുറങ്ങളിൽ വെടിയും പുകയും നിറഞ്ഞു നിന്ന ഇക്കാലത്തും ആശ്വാസമായി ചില ചിത്രങ്ങൾ തിയറ്ററിൽ പ്രേക്ഷകർക്കായി വിരുന്നു വന്നു. തിയറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ ‘കൂടെ പോരുന്ന’ കഥാപാത്രങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
കുടത്തിൽ നിന്ന് ഇറക്കിവിട്ട ഭൂതം കണക്കേ ഹേമ കമ്മിറ്റി
ദിലീപ് കേസ് കോടതിയിൽ വിചാരണയും തുടർ നടപടികളുമായി നീങ്ങിക്കൊണ്ടിരിക്കേ തന്നെയായിരുന്നു കുടത്തിൽ നിന്ന് ഇറക്കിവിട്ട ഭൂതം കണക്കേ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പാകെ നിരവധി നടിമാരാണ് മൊഴി നൽകിയത്. 2017ൽ രൂപവത്കരിച്ച കമ്മിറ്റി 2019ൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. 2024 ആഗസ്റ്റ് 27ന് റിപ്പോർട്ട് പുറത്തു വന്നു. ചില ഭാഗങ്ങൾ തടഞ്ഞുവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിട്ടതു തന്നെ.
പല പ്രധാന നടൻമാരും ആരോപണത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെടുന്നതാണ് പിന്നീട് കാണുന്നത്. എന്നാൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പാർട്ട് ‘അമ്മ’ സംഘടനക്കെതിരല്ലെന്ന് ഒഴുക്കൽ മട്ടിൽ പ്രതികരിച്ച ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ തന്നെ പീഡനാരോപണവുമായി യുവനടി രംഗത്തു വന്നത് ചലച്ചിത്ര മേഖലയിൽ വൻ കോളിളക്കം സൃഷ്ടിച്ചു. തുടർന്ന് പ്രസിഡന്റ് മോഹൻലാലിന് രാജി നൽകിയ സിദ്ദിഖിനു പിന്നാലെ മോഹൻലാലും പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പാപഭാരം മുഴുവൻ മുതുകിൽ താങ്ങാൻ കരുത്തില്ലാതെ പിന്നീട് അമ്മ എന്ന സംഘടന തന്നെ പിരിച്ചുവിട്ടു. സിനിമ തിരക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്.
‘അമ്മ’ പിരിച്ചുവിട്ടതും സിദ്ദിഖിനെതിരെ ഉയർന്ന ആരോപണവും തുടർന്ന് അദ്ദേഹത്തിന്റെ രാജിയും പൊലീസ് കേസും കോടതിയും ഒളിവു ജീവിതവുമെല്ലാം ചേർന്ന് ത്രില്ലറും സസ്‍പെൻസും കൂടിക്കലർന്ന ഷാജി കൈലാസ് തിരക്കഥ പോലെയായി മലയാള സിനിമ ലോകം. മലയാള നടന്മാർ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങി. എം.എൽ.യും നടനുമായ മുകേഷ്, ബാലചന്ദ്ര മോനോൻ, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, സംവിധായകൻ തുളസീ ദാസ്, നിർമാതാവ് അരോമ മോഹൻ എന്നിവർക്കെതിരായെല്ലാം ആരോപണം ഉന്നയിക്കപ്പെട്ടു. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ജയസൂര്യയും മുകേഷും സിദ്ദിഖുമടക്കം നടന്മാർ ഒളിവിൽ പോയി. ഹൈകോടതിയും താണ്ടി കേസ് സുപ്രീംകോടതിയിൽ എത്തി നിൽക്കുന്നു.
ഇടക്ക് തനിക്കെതിരെ ഉയർന്ന ആരോപണം വ്യാജമാണെന്ന് ആത്മവിശ്വാസത്തോടെ തെളിയിച്ച് നടൻ നിവിൻപോളി മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായി. തൻ പോരിമയും മോശം പെരുമാറ്റവുമടക്കം നേരത്തേ തന്നെ വിവാദങ്ങളിൽ പെട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി പരാതിയുമായി രംഗത്തെത്തിയത് സർക്കാറിനെ വെട്ടിലാക്കി. ചെയർമാനെ തള്ളാനും കൊള്ളാനുമാകാതെ സാംസ്കാരിക വകുപ്പ് നിയമം അതിന്റെ വഴിക്കു പോകട്ടെയെന്ന് പതിവു പല്ലവി ആവർത്തിച്ചു.
ആദ്യ സമയത്തു പ്രതിരോധിക്കാൻ രഞ്ജിത്ത് ശ്രമിച്ചെങ്കിലും ദുർബലമായി കീഴങ്ങേണ്ടി വന്നു. ഇടക്ക് സാംസ്കാരിക മന്ത്രി രഞ്ജിത്തിനെ ‘ഇതിഹാസ’മാക്കി വെളുപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് കേസും അന്വേഷണവും ആയതോടെ അദ്ദേഹവും ചെയർമാനെ കൈയൊഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളും വിഷയം ഏറ്റു പിടിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയിത്തുടങ്ങി. സ്വയം പരിഹാസ്യനായി അവസാനം രാജിവെക്കേണ്ടി വന്നു ചെയർമാൻ രഞ്ജിത്തിന്.
എന്നാൽ വിവാദങ്ങൾക്കപ്പുറം ശ്രദ്ധേയമായ അധിക ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല എന്നത് ന്യൂനതയായി നിലകൊള്ളുന്നു. മലയാളത്തിൽ 120 ലധികം പുറത്തിറങ്ങിയതിൽ സാമ്പത്തിക ലാഭം കൈവരിച്ചത് കുറച്ചു സിനിമകൾക്കു മാത്രമാണ്. മേക്കിങ് കൊണ്ടും അഭിനയം കൊണ്ടും അദ്ഭുതപ്പെടുത്തിയ പടങ്ങൾ ഒന്നും ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം.
മമ്മുട്ടി
സൂപ്പർ താരങ്ങളിൽ അൽപമെങ്കിലും ആശ്വസിക്കാനുള്ളത് മമ്മുട്ടിക്കാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ മമ്മുട്ടി ചെറിയ തോതിലാണെങ്കിലും അഭിനയ മുഹൂർത്തങ്ങൾ നൽകി.
മലയാളത്തിലെ -ഡാർക്ക് ഫാന്റസി ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരുടെ അഭിനയവും പ്രശംസിക്കപ്പെട്ടു. മമ്മുട്ടിയുടെ ആക്ഷൻ പടം ‘ടർബോ’ തികച്ചും ഒരു ഫാൻ സിനിമയായിരുന്നു. മനോരഥങ്ങൾ എന്ന എം.ടിയുടെ ആന്തോളജി വെബ്സീരീസിലെ കടുഗണ്ണാവ ഒരു യാത്രാകുറിപ്പിലെ മമ്മുട്ടിയുടെ അഭിനയം മികച്ചു നിന്നു.
മോഹൻലാൽ
നടന വിസ്മയംകൊണ്ട് മലയാളികളെ അദ്ഭുതപ്പെടുത്തിയ മേഹൻലാലിന് എം.ടിയുടെ മനോരഥങ്ങളിലെ ‘ഓളവും തീരവും’ സിനിമയിലെ ബാപ്പുട്ടിയുടെ മികവുറ്റ വേഷം മാത്രമാണുള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോൈട്ട വാലിബൻ പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടക്കാതെ പ്രേക്ഷകരെ നിരാശരാക്കി.
ഫഹദ് ഫാസിൽ
യുവ നടന്മാരിൽ ഫഹദ് ഫാസിലിനു അഭിനയ ശേഷി മാറ്റുരക്കാൻ പറ്റിയ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല എന്നതു യാഥാർഥ്യമായി അവശേഷിക്കുന്നു. ഫഹദ് ഫാസിലിന്റെ ‘ആവേശം’ ട്രെൻഡിങ്ങായി. ഓടിത്തേഞ്ഞ പഴയ ഗാങ്സ്റ്റർ വിഷയം കോമഡിയുടെ ചിരിമധുരം നൽകി ഇറക്കിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുശിൻശ്യാം ആണ് സംഗീതം നിർവഹിച്ചത്. വിനായക് ശശികുമാറും തബ്സിയും ചേർന്ന് ഒരുക്കിയ ഗാനങ്ങൾ യുവാക്കൾ ഏറ്റെടുത്തു. പുഷ്പ ഒന്നിനുശേഷം ഈ വർഷം റിലീസ് ആയ പുഷ്പ -2വിലും ഫഹദ് ഉണ്ടായിരുന്നു. രജനി കാന്തിനൊപ്പം തമിഴ് ചിത്രമായ വേട്ടയ്യനിലും ഫഹദ് വേഷമിട്ടു.
ആടു ജീവിതത്തലെ നജീബ് ആയി പൃഥിരാജ് സുകുമാരൻ പ്രേക്ഷക ഹൃദയം കീഴടക്കി. 2024ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തിനു ലഭിച്ചു. ലെവൽക്രോസ്, കിഷ്കിന്ദ കാണ്ഡം എന്നീ സിനിമകളിലൂടെ ആസിഫ് അലി യുവ നടന്മാരിൽ ശ്രദ്ധയനായി.
‘വർഷങ്ങൾക്കു ശേഷ’ത്തിലെ ധ്യാൻ ശ്രീനിവാസനും പ്രണവും ലക്കി ഭാസ്കർ എന്ന തെലുഗു ചിത്രത്തിലൂടെ ദുൽഖർ സൽമാനും ചർച്ച ചെയ്യപ്പെട്ടു. അജയന്റെ രണ്ടാം മോഷണത്തിലെ ടൊവിനോ സംഘട്ടന രംഗങ്ങൾകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.
കിഷ്കിന്ദ കാണ്ഡവും ബോഗെയ്ൻ വില്ലയും
അമൽ നീരദിന്റെ ബോഗെയ്ൻ വില്ലയിലൂടെ വർഷങ്ങൾക്കു ശേഷം നടി ജ്യോതിർമയി ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയിൽ അഭിനയത്തിന്റെ കൈയടക്ക ഭാഷ പ്രകടിപ്പിച്ച് ജ്യോതിർമയി കൈയടി നേടി.
ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമക്കും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലിയും അപർണ ബാലമുരളിയും വിജയരാഘവനും അഭിനയിച്ച കിശ്കിന്ദ കാണ്ഡം വ്യത്യസ്തത പുലർത്തി. അഭിനയം കൊണ്ട് വിജയരാഘവൻ സിനിമയുടെ ക്രഡിറ്റ് തന്റെ പേരിൽ എഴുതിച്ചേർത്തു.
റീ-റിലീസ്
സംവിധായകൻ ഭദ്രൻ അണിയിെച്ചാരുക്കിയ സ്ഫടികത്തിലൂടെ റീ റിലീസ് ചിത്രങ്ങൾ 4k ദൃശ്യമിഴിവോടെ തിയറ്ററിലെത്തിയത് കാണികൾക്ക് പുത്തൻ അനുഭവമായി. ദേവദൂതനും മണിച്ചിത്രത്താഴും പാലേരി മാണിക്യവും വല്യേട്ടനും അടക്കം ചിത്രങ്ങൾ പുത്തൻ സിനിമകളെ പോലെ വീണ്ടും തിയറ്ററുകളിലെത്തി.
മിന്നലാട്ടമായി നടിമാർ
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവ്വഹിച്ച് 2024ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്.
ഉർവശിക്കു 2024ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു ഈ സിനിമ. ഉള്ളൊഴുക്ക് നടി പാർവതി തിരുവോത്തിന്റെ അഭിനയ ജീവിതത്തിലും മുതൽക്കൂട്ടായി. ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ലൂടെ ദിവ്യപ്രഭ, കനി കുസൃതി, ബോഗയ്ൻ വില്ലയിലെ റീത്തുവായി അഭിനയിച്ച ജ്യോതിർമയി, സൂക്ഷ്മ ദർശിനിയിലൂടെ നസ്റിയ നസ്റിൻ എന്നിവരുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഉള്ളൊഴുക്ക് എന്ന സിനിമ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കൊണ്ടു വന്നു.
വെബ് സീരീസ് /ആന്തോളജി
എംടി തിരക്കഥയെഴുതിയ മനോരഥങ്ങൾ
എം.ടിയുടെ തിരക്കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ആഗസ്റ്റിൽ റിലീസ്ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ അണി നിരന്ന സീരീസ് വ്യത്യസ്ത ദൃശ്യാനുഭവം നൽകി. പോയ കാലത്തോട് സമരസപ്പെട്ടുപോകുന്ന ചിത്രങ്ങൾ ഒരുക്കിയത് പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയ സംവിധായകരാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെബ് സീരീസുകളിൽ വർധന ഉണ്ടായെങ്കിലും ഗുണം പ്രതീക്ഷിച്ചത്ര ഉണ്ടായില്ല.
നജീം കോയയും ആരൂസ് ഇർഫാനും ചേർന്നെഴുതി നജീംകോയ സംവിധാനം നിർവഹിച്ച 1000 ബേബീസ് അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്ത കാഴ്ചാനുഭവം പ്രധാനംചെയ്തു. റഹ്മാനും നീന ഗുപ്തയും സൻജു ശിവറാമും പ്രധാന വേഷങ്ങളിലെത്തിയ സീരീസ് ആസ്വാദകരെ പിടിച്ചിരുത്തി. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസ് ഡിസ്നി+ ഹോട്സ്റ്റാർ ആണ് റിലീസ്ചെയ്തത്. കോമഡിക്കു പ്രാധാന്യം നൽകി നഗേന്ദ്രൻസ് ഹണിമൂൺ, ജയ് മഹേന്ദ്രൻ, പെരില്ലൂർ പ്രിമിയർ ലീഗ്, വനം കൊള്ളക്കാരുടെ കഥപറയുന്ന ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ സ്ട്രീം ചെയ്ത പോഷർ തുടങ്ങിയ സീരീസുകളും 2024ൽ പ്രേക്ഷകർക്കു മുന്നിലെത്തി.
ഓസ്കർ
2024ലെ ഓസ്കർ പ്രഖ്യാപിച്ചപ്പോൾ 2023 ൽ ഇറങ്ങിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറിലെ അഭിനയത്തിന് സിലിയൻ മർഫി മികച്ച നടനായും യോഗോസ് ലാന്തിമോസിന്റെ പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമടക്കം ഏഴു അവാർഡുകളാണ് ഓപ്പൺ ഹൈമർ നേടിയത്.
ഇംഗ്ലീഷിൽ 2024ൽ ഇറങ്ങിയ ബോഡി ഹൊറർ സിനിമയായ സബ്സ്റ്റാൻസ്, സിവിൽ വാർ, ഡ്യൂൺ പാർട്ട്- 2 എന്നീ സിനിമകൾ പ്രേക്ഷക ശ്രദ്ധ കവർന്നു. തമിഴിൽ വിജയിയുടെ ഗോട്ട്, അമരൻ, മഹാരാജ, മെയ്യഴകൻ, ഹിന്ദിയിൽ സ്ത്രീ 2, സെക്ടർ 36, മി.ആൻഡ് മിസിസ് മഹി, മെറി ക്രിസ്മസ് എന്നീ ഹിറ്റുകൾ പുറത്തിറങ്ങി. തമിഴ്നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നതിനും 2024 സാക്ഷ്യം വഹിച്ചു.
പണം വാരിപ്പടങ്ങളായി മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും
2024 ലെ മലയാളത്തിലെ പണം വാരിപ്പടങ്ങളിൽ ഗുണ കേവ് ഗുഹയിൽ അകപ്പെട്ടു പോകുന്ന മലയാളി യുവാക്കളുടെ കഥ പറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഒന്നാം സ്ഥാനത്തെത്തി (242.3 കോടി). ബെന്യാമിന്റെ ആടു ജീവിതത്തെ ആസ്പദമാക്കി നീണ്ടവർഷത്തെ അധ്വാനത്തിനൊടുവിൽ ബ്ലസി സംവിധാനം ചെയ്ത് പൃഥി രാജ് നായകനായെത്തിയ ആടു ജീവിതം കലക്ഷനിൽ രണ്ടാമതെത്തി. യുവാക്കളുടെ ആവേശസിനിമയായി മാറിയ ആവേശം 155 കോടിയാണ് നേടിയത്. കൗമാര പ്രണയത്തിന്റെ തമാശയും നിഷ്കളങ്കതയും കാണിച്ചുതന്ന പ്രേമലുവുവും ബോക്സ് ഓഫിസിൽ ഹിറ്റായി. അജയന്റെ രണ്ടാം മോഷണം (എ.ആർ.എം) 103 കോടിലിലധികം കലക്ട് ചെയ്തു.
വലിയ കാൻവാസിൽ പടങ്ങൾ ഇറക്കുന്ന രീതിയാണ് ഈ വർഷം വ്യാപകമായി കണ്ടു വരുന്നത്. ഒരു സിനിമ തന്നെ വിവിധ ഭാഷകളിൽ സ്ക്രീനിലും ഒ.ടി.ടിയിലും ഇന്ത്യ മുഴുവനായും പുറത്തിറക്കുന്ന പാൻ ഇന്ത്യ രീതിയും വിജയകരമായി പരീക്ഷിക്കുന്നു.
ബ്രഹ്മാണ്ഡ ചിത്രങ്ങളായ പുഷ്പ -2, കൽക്കി (തെലുഗു), സിങ്ങം എഗെയ്ൻ (ഹിന്ദി) , ഗോട്ട് (പാൻ ഇന്ത്യ), കങ്കുവ (തമിഴ്) എന്നിവയെല്ലാം ബിഗ് ബജറ്റിൽ ഇറക്കിയ സിനിമകളാണ്.
വിയോഗങ്ങൾ
മലയാളി വീട്ടകങ്ങളുടെ ‘അമ്മ’ കവിയൂർപൊന്നമ്മ, ‘മുറിച്ചിട്ടാൽ മുറികൂടുന്ന’ കിരീടം വില്ലൻ കീരിക്കാടൻ ജോസ് (മോഹൻ രാജ്), ടി.പി. മാധവൻ, മേഘനാദൻ, കനകലത എന്നിവർ അരങ്ങൊഴിഞ്ഞ വർഷം കൂടിയാണ് 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.