'ഹോമി'ൽ വിവാദം കത്തുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് 'ഹോം' സിനിമയെ പൂർണമായി തഴഞ്ഞതിൽ പ്രതിഷേധം പരസ്യമാക്കി നടൻ ഇന്ദ്രൻസ്. 'ഹോം' അന്തിമ വിധി നിർണയ ജൂറി കണ്ടിട്ടില്ലെന്നും, ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമുണ്ടോയെന്നും ഇന്ദ്രൻസ് ചോദിച്ചു.
ജൂറി സിനിമ കണ്ടുകാണില്ല. അല്ലെങ്കിൽ കാണാൻ അവസരം ഉണ്ടാക്കിയിട്ടില്ല. ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാകാം. വിജയ് ബാബുവിനെതിരെ വിധിയൊന്നും വന്നിട്ടില്ല, ആരോപണമാണ്. അദ്ദേഹം നിരപരാധിയാണെന്ന് കോടതി വിധിച്ചാൽ, അല്ലെങ്കിൽ കുറ്റം ചുമത്തിയില്ലെങ്കിൽ ഈ സിനിമ പിന്നീട് ജൂറി തിരിച്ച് വിളിച്ച് അവാർഡ് നൽകുമോയെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് ചോദിച്ചു.
സിനിമ കണ്ടവരെല്ലാം വിഷമം പറയുന്നുണ്ട്. ആ വിഷമം ജൂറിക്കില്ലെങ്കിൽ അവർ സിനിമ കണ്ടില്ലെന്നല്ലേ അർഥം. നടന്മാരിൽതന്നെ രണ്ടുപേർ നന്നായിട്ട് അഭിനയിച്ചു. രണ്ടുപേർക്കും അവാർഡ് കൊടുത്തല്ലോ. ഹൃദയം നല്ലതാണ്, ആ ഹൃദയത്തിനൊപ്പം ഹോമും കൂടി ചേർത്തുവെക്കാമായിരുന്നില്ലേ. ജനങ്ങളുടെ പിന്തുണയാണ് അവാർഡ്. അത് അന്നേ കിട്ടുന്നുണ്ട്. കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അതിന് ഇത്രയും മികച്ച അഭിപ്രായം കിട്ടുമ്പോൾ സ്വഭാവികമായും പുരസ്കാരം പ്രതീക്ഷിച്ചുപോകും. സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നമാണ് ഹോം. പലരും ഒ.ടി.ടി പ്ലാറ്റ്ഫോം അറിഞ്ഞു തുടങ്ങിയതുതന്നെ ഹോം സിനിമക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ദ്രൻസിന്റെ ആരോപണങ്ങളെ തള്ളി സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. മികച്ച നിലയിലാണ് ചലച്ചിത്ര പുരസ്കാര നിർണയം നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂറി എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. പുരസ്കാര നിർണയത്തിൽ പരമാധികാരം അവർക്ക് നൽകിയിരുന്നു. ഇന്ദ്രന്‍സ് തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച് വിവാദത്തിൽചാടിയ നടൻ ജോജു ജോർജിന് മികച്ച നടനുള്ള പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട കോൺഗ്രസ് ആരോപണങ്ങളോട്, 'അഭിനയിച്ചവർക്കല്ലേ നൽകാനാവൂ' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാമെന്നും അതിനായി പ്രത്യേക ജൂറിയെ വേണമെങ്കില്‍ വെക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.