സൂഫിയും സുജാതയെയും 'ഒതുക്കാൻ' ശ്രമം; പ്രാഥമിക ജൂറി തള്ളിയ ചിത്രത്തെ അന്തിമ ജൂറി വിളിച്ചുവരുത്തി നേടിയത് അഞ്ച് പുരസ്കാരങ്ങൾ
text_fieldsതിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ഷാനവാസ് നരണിപുഴ സംവിധാനംചെയ്ത സൂഫിയും സുജാതയെയും ഒതുക്കാൻ ജൂറിയിെല ഒരുവിഭാഗം നടത്തിയ ശ്രമം പാളി. കന്നട സംവിധായകൻ പി. ശ്രേഷാദ്രി ചെയർമാനായ പ്രാഥമിക വിധി നിർണയ സമിതി ഒരു നിലവാരവുമില്ലെന്ന് എഴുതിത്തള്ളിയ ചിത്രത്തെ അന്തിമവിധി നിർണയസമിതി പ്രത്യേക അധികാരം ഉപയോഗിച്ച് വിളിച്ചുവരുത്തി വീണ്ടും കണ്ടശേഷമാണ് മികച്ച സംഗീത സംവിധായകൻ, മികച്ച പിന്നണി ഗായിക തുടങ്ങിയ അഞ്ച് പുരസ്കാരങ്ങൾ നൽകിയത്.
80 ചിത്രങ്ങളിൽ 40 വീതം ചിത്രങ്ങളാണ് രണ്ട് സബ് കമ്മിറ്റികൾക്കായി അക്കാദമി നൽകിയത്. ഇതിൽ 24 ചിത്രങ്ങളാണ് പുരസ്കാര നിർണയത്തിനായി അന്തിമ ജൂറിക്ക് മുന്നിലെത്തിയത്. അന്തിമപട്ടികയിൽ സൂഫിയും സുജാതയും ഉണ്ടായിരുന്നില്ല. എന്നാൽ മികച്ച പിന്നണി ഗായിക, സംഗീത സംവിധായകൻ തെരഞ്ഞെടുപ്പിൽ മികച്ചവ ഇല്ലെന്ന് കണ്ടതോടെയാണ് സൂഫിയും സുജാതെയും പറ്റി സുഹാസിനി അന്വേഷിച്ചത്. എന്നാൽ ഇത് അദ്യമേ തള്ളിയതായി പി. ശ്രേഷാദ്രി അറിയിച്ചെങ്കിലും മികച്ച ഗാനങ്ങളുള്ള ചിത്രത്തെ വിളിച്ചുവരുത്താൻ ചെയർപേഴ്സൺ സുഹാസിനിയും രണ്ടാം സബ് കമ്മിറ്റി ചെയർമാൻ സംവിധായകൻ ഭദ്രനും തീരുമാനിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് പകരം സൂഫിയും സുജാതയെയും മികച്ച ചിത്രമായി തെരഞ്ഞെടുക്കണമെന്ന വാദം ജൂറിയിൽ ഉയർന്നു. വർഗീയമായി കൈവഴുതിപ്പോകാമായിരുന്ന പ്രമേയത്തെ സുന്ദരമായ പ്രണയ കവിതപോലെ കൈയൊതുക്കത്തോടെ അവതരിപ്പിച്ച ചിത്രം മികച്ചതാണെന്ന് സുഹാസിനിയും ഭദ്രനും അഭിപ്രായപ്പെട്ടെങ്കിലും മറ്റുള്ളവർ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് വേണ്ടി നിലകൊള്ളുകയായിരുന്നു. തർക്കത്തിനൊടുവിൽ ഭൂരിപക്ഷ അഭിപ്രായം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലേക്ക് വരികയായിരുന്നു.
മികച്ച നടനുള്ള പുരസ്കാരത്തിന് ഫഹദ് ഫാസിലായിരുന്നു ജയസൂര്യക്ക് മുന്നിലുള്ള വെല്ലുവിളി. മദ്യപാനാസക്തിയിൽ നിന്നും വിമുക്തനാകാൻ കഴിയാത്ത ഒരാളുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായാസമായി ജയസൂര്യക്ക് കഴിഞ്ഞതാണ് നേട്ടമായത്. കൂടുൽപേർ ഇഞ്ചോടിഞ്ച് മത്സരിച്ചത് മികച്ച നടിക്ക് വേണ്ടിയായിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അഭിനയത്തിന് നിമിഷ സജയന് വേണ്ടി ഒരുവിഭാഗം രംഗത്തെത്തിയെങ്കിലും പുതുതായി ഒരു അഭിനയ മുഹൂർത്തവും നിമിഷ ചിത്രത്തിൽ നൽകിയില്ലെന്ന വാദത്തിന് മുൻഗണന ലഭിക്കുകയായിരുന്നു. ഒടുവിൽ ജെസി എന്ന പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെ ആവിഷ്കരിച്ച പ്രകടനം വിലയിരുത്തി അന്ന ബെൻ മികച്ച നടിയായി. സ്വഭാവനടനുള്ള മത്സരത്തിൽ സുധീഷിനൊപ്പം സുരാജ് വെഞ്ഞാറമൂടും രംഗത്തുണ്ടായിരുന്നു. എന്നാൽ 'എന്നിവർ', 'ഭൂമിയിലെ മനോഹരസ്വകാര്യം' ചിത്രങ്ങളിലെ അഭിനയം ജൂറിയുടെ ആകെ പ്രശംസ പിടിച്ചുപറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.