കോവിഡ് വ്യാപനം: കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്, വെയിൽ സിനിമകളുടെ റിലീസ് നീട്ടി
text_fieldsകോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ തിയറ്ററുകൾ അടച്ചിട്ടതിനാൽ വെള്ളിയാഴ്ച ഇറങ്ങേണ്ട രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റി. ഷൈൻ നിഗം നായകനാകുന്ന വെയിൽ, ശരത് ജി. മോഹൻ സംവിധാനം ചെയ്യുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് എന്നീ സിനിമകളുടെ റിലീസാണ് നീട്ടിയത്.
ഒരുപാട് വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമാണ് വെയിൽ. വിവാദങ്ങളെല്ലാം കെട്ടിടങ്ങി ചിത്രം ജനുവരി 28ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചതായിരുന്നു.
വെയിലിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ഷെയിന്‍റെ അമ്മയായി അഭിനയിക്കുന്ന ശ്രീരേഖക്ക് ലഭിക്കുകയുണ്ടായി. ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, ശ്രീരേഖ, ജയിംസ് ഏലിയാ എന്നിവരെ കൂടാതെ ഒരു പിടി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
നവാഗതനായ ശരത് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ലിജോ ജോസ് പല്ലിശേരിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ശരത്.
ഗുഡ്വിൽ എന്റർടൈൻമെന്‍റ് ബാനറിൽ ജോബി ജോർജ് നിർമിച്ച ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഷാസ് മുഹമ്മദ് ആണ്. തമിഴ് പാട്ടുകാരനും മ്യൂസിക് ഡയറക്ടറുമായ പ്രദീപ് കുമാർ ആണ് സംഗീത സംവിധാനം. പ്രവീൺ പ്രഭാകർ എഡിറ്റിങും രംഗനാഥ് രവി സൗണ്ട് ഡിസൈനിങും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.
ഫസ്റ്റ് പേജ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മോനു പഴേടത്ത് നിർമിച്ചു ശരത് ജി. മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി-ക്രൈം ത്രില്ലർ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത്സിംഗ്. ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമ സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നൽകുമ്പോഴും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലർ തന്നെയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
രഞ്ജിൻ രാജാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആകെ അഞ്ചു പാട്ടുകളാണുള്ളത്. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി. മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്.
ഉണ്ണിമേനോൻ, കെ.എസ്. ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയാഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കാമറാമാൻ: പ്രശാന്ത് കൃഷ്ണ, എഡിറ്റർ: റെക്‌സൺ ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.