'എത്ര ക്രൂര മനോഹര സിനിമ, തികച്ചും 'കൊലാപരമായ' അഭ്രകാവ്യം, പൊള്ളുന്നവർക്ക് പൊള്ളട്ടെ'; 'ഓഫീസർ ഓൺ ഡ്യൂട്ടി'യെ രൂക്ഷമായി വിമർശിച്ച് പ്രമുഖ മനഃശാസ്ത്രജ്ഞൻ
text_fieldsകൊച്ചി: സിനിമകളിലെ വയലൻസിന്റെ അതിപ്രസരവും ലഹരിയും സമൂഹത്തെ കാര്യമായി സ്വാധീനിക്കുന്നുവെന്ന ചർച്ചകൾ സജീവമായിരിക്കെ അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ സിനിമ 'ഓഫീസർ ഓൺ ഡ്യൂട്ടി' വലിയ വിമർശനങ്ങൾക്കിടയാക്കുന്നു.
വയലൻസിനെ ആഘോഷമാക്കി വിവാദമായ മാർക്കോയുടെ സീരീസിൽ പെടുന്ന സിനിമയാണെന്നാണ് പ്രമുഖ മനഃശാസ്ത്രജ്ഞനും ക്ലിനിക്കൽ സൈക്യാട്രിസ്റ്റുമായ ഡോ. സി.ജെ ജോൺ പറയുന്നത്.
അവിശ്വസനീയങ്ങളായ പ്രതികാരങ്ങളും ക്രൈമുകളും കോർത്തിണക്കിയ ആന്റി സോഷ്യൽ സിനിമയാണെന്നും 'കൊലാപരമായ' അഭ്ര കാവ്യമണിതെന്നും സത്യം കേൾക്കുമ്പോൾ പൊള്ളുന്നവർക്ക് പൊള്ളട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറ്റാരോപിത ഗർഭിണിയാണെന്ന് അറിയിക്കുമ്പോൾ പൊലീസ് ഓഫീസർ അവരുടെ നാഭിക്ക് തൊഴിക്കുന്ന സിനിമയിലെ ദൃശ്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
ഷാഹി കബീറിന്റെ തിരകഥയിൽ ജിത്തു അഷറഫ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ച സിനിമ അടുത്തിടെയാണ് ഒ.ടി.ടിയിലെത്തിയത്.
ഡോ.സി.ജെ. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'തികച്ചും അവിശ്വസനീയമായ കഥാ തന്തുവിൽ അതിനേക്കാൾ അവിശ്വസനീയങ്ങളായ പ്രതികാരങ്ങളും ക്രൈമുകളും കോർത്തിണക്കിയ ആന്റി സോഷ്യൽ സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഓഫീസർ ഓൺ ഡ്യൂട്ടി. തൂങ്ങി മരണത്തിന്റെ ഡെമോൺസ്‌ട്രേഷനുണ്ട്.
മാർക്കോ സീരിസിൽ പെടുത്താവുന്ന സിനിമയാണ്. സമൂഹത്തിൽ അക്രമം പൊടി പൊടിക്കുന്നുണ്ട് . പ്രസാദാത്മക മുഖം മാറ്റി വക്രീകരിച്ച മോന്തയുള്ള കുഞ്ചാക്കോ ബോബൻ, സിനിമയുടെ മുഖം മാറ്റത്തിന്റെ പ്രതീകമാണ്. കാശ് വീഴാൻ ഇതേ വഴിയുള്ളൂ. ഇരകളാണെന്ന സാധ്യതയുള്ളവരുമായി ഡ്യൂട്ടിയിൽ ഉള്ള പോലീസ് ഓഫിസർ ഇടപെടുന്ന രീതി ഒട്ടും മാതൃകാപരമല്ല. മാനസിക പ്രശ്നമെന്ന നയം നീതികരിക്കാവുന്നതുമല്ല. വില്ലൻ ഗാങ്ങിന്റെ ക്രൂരത അവരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം. മറ്റുള്ളവർക്ക് ശല്യമാകുന്ന ഇവരുടെ പെരുമാറ്റങ്ങളോട് അനിഷ്ടം കാട്ടിയവരേ ക്രൂരമായി ഉപദ്രവിക്കുന്നതിലെ ലോജിക്ക് തീരെ വർക്ക് ആകുന്നില്ല. ഇമ്മാതിരി മുതലുകളോട് എതിർക്കാൻ പോയി പണി വാങ്ങരുതെന്ന സന്ദേശവും കിട്ടും. അവരുടെ രോഗാതുരമായ
റിവഞ്ചിന് കൈയ്യടിക്കുന്നവരും ഉണ്ടാകാം. പട്ടാപകൽ കൊല ചെയ്തവർക്ക് പാട്ടും പാടി ജാമ്യം വാങ്ങി പുറത്തിറങ്ങാമെന്ന സൂചന നൽകുന്ന സന്ദേശവും കേമം തന്നെ. എന്നാലല്ലേ നായകന് കൊല്ലാനാകൂ . ആ നന്മ കൊലയ്ക്കും ക്ലാപ്പ്. എത്ര ക്രൂര മനോഹര സിനിമ. തികച്ചും 'കൊലാപരമായ' അഭ്ര കാവ്യം. ഈ സിനിമ പതിനെട്ട് വയസ്സിൽ താഴെയുള്ള ആരെയും ഓ ടി ടി യിൽ പോലും കാണിക്കാതിരിക്കുക. സിനിമ കാണുമ്പോഴുള്ള ഞരമ്പ് മുറുക്കം മാത്രം പരിഗണിച്ചല്ല സിനിമയെ വിലയിരുത്തേണ്ടത്. സത്യം കേൾക്കുമ്പോൾ പൊള്ളുന്നവർക്ക് പൊള്ളട്ടെ'.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.