‘വിമർശനം വ്യക്ത്യാധിക്ഷേപവും ചാപ്പകുത്തലുമാകരുത്’; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് ഫെഫ്ക
text_fieldsകൊച്ചി: എമ്പുരാൻ വിവാദം നിർഭാഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും ചലച്ചിത്ര സംവിധായകരുടെ സംഘടനയായ ഫെഫ്ക. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും, ഭീഷണിയും ചാപ്പ കുത്തലുമാകരുത്. എല്ലാ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകരെയും ഫെഫ്ക ചേർത്തു നിർത്തുന്നുവെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്‍റെ സംവിധായകൻ പൃഥ്വിരാജിനും മുഖ്യനടനായ മോഹൻലാലിനും എതിരെ (സാമൂഹ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗ്ഗാത്മക വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ.
എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാകരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിന്‍റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു.
ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാന്‍റിയാഗോ എന്ന ഹെമിങ്വേ കഥാപാത്രം പറയുന്നുണ്ട്, "നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല." കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്’ -ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എമ്പുരാന്‍റെ റീഎഡിറ്റഡ് വേർഷനിൽ 17 ഇടത്താണ് വെട്ടിയത്. പ്രധാന വില്ലന്‍റെ പേര് ‘ബജ്റംഗി’ എന്നത് ‘ബൽരാജ്’ എന്നാക്കി മാറ്റി. 18 ഇടങ്ങളിൽ പേരുമാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ ഒഴിവാക്കി. എൻ.ഐ.എ ലോഗോ ഒഴിവാക്കി. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിക്കുന്നതായി പരാമർശിക്കുന്ന രംഗം ഒഴിവാക്കി. ചിത്രം ചൊവ്വാഴ്ച മുതല്‍ തിയറ്ററിലെത്തുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.