‘നാടിൻ നന്മകനേ പൊന്മകനേ..’; ഒന്നുമില്ലായ്മയിൽനിന്ന് ബി.എം.ഡബ്ല്യുവിലേറിയ ഇല്ലുമിനാറ്റി മാജിക്കുമായി ഡാബ്സി
text_fields‘ആവേശം’ സിനിമ കണ്ടവരാരും ഇല്ലുമിനാറ്റി പാട്ട് മറക്കില്ല. യുവാക്കളെ ആവേശത്തിരയേറാൻ പ്രാപ്തമാക്കിയ ഫഹദ് ഫാസിലിന്റെ ‘ആവേശം’ സിനിമയിലെ പാട്ട് പാടിയത് ഡാബ്സി എന്ന ചങ്ങരംകുളത്തുകാരുടെ സ്വന്തം മുഹമ്മദ് ഫാസിലാണ്. ‘കല വിപ്ലവമാണ്, ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ബി.എം.ഡബ്ല്യു നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു.
അതിനേക്കാൾ വലിയ അഭിമാനമെന്താണ്? എനിക്ക് ചെയ്യാനാവുമെങ്കിൽ ആർക്കും ചെയ്യാം’. ഡാബ്സി പറയുന്നു. പാട്ട് ഹിറ്റ് എന്നല്ല, ഹിറ്റോട് ഹിറ്റാണ്. ആറു മാസം കഴിഞ്ഞിട്ടും ഇപ്പോഴും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നു ‘ഇല്ലുമിനാറ്റി.. ഇല്ലുമിനാറ്റി’ എന്ന വരികൾ. സംഗീത സംവിധായകൻ സുഷിൻ ശ്യാമിനോടും വിനായക് ശശികുമാർ എന്ന പാട്ടെഴുത്തുകാരനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട് ഡാബ്സിക്ക്. ഇല്ലുമിനാറ്റി ഹിറ്റായത് ടീം വർക്കിന്റെ സൗന്ദര്യമാണെന്ന് പറയുന്നു ഇദ്ദേഹം.
പിതാവ് പാടുന്ന പാട്ടുകേട്ടാണ് ഞാൻ വളർന്നത്. മടിയില്ലാതെ പാട്ടു പാടുന്ന ഉപ്പയാണ് എന്നും കൺമുന്നിലുള്ളത്. 18 വർഷമായി ഈ രംഗത്തുണ്ട്. റാപ്പ്, ഹിപ് പോപ്പ് എന്നിങ്ങനെ എല്ലാ ഫോർമേഷനിലും അനായാസം പാടും. മിക്ക പടങ്ങളിലും പ്രൊമോസോങ് ചെയ്യുന്നുണ്ട്. തല്ലുമാല, സുലൈഖ മൻസിൽ, കിങ് ഓഫ് കൊത്ത, ഗുരുവായൂരമ്പല നടയിൽ, ആവേശം, മന്ദാകിനി, ഓളം അപ് എന്നിങ്ങനെ നിരവധി വർക്കുകളാണ് പൂർത്തിയാക്കിയത്. ക്ലാസ് വ്യത്യാസമില്ലാതെ സർവരും പാട്ട് ആസ്വദിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.
ചെറുപ്പം മുതലേ ഞാൻ പാട്ടുകൾ ആവേശത്തോടെ പഠിക്കുമായിരുന്നു. ഇടക്ക് ഗൾഫിൽ പോയെങ്കിലും ആ ജോലി ഉപേക്ഷിച്ചാണ് പൂർണമായും ഈ രംഗത്ത് മുഴുകുന്നത്. ശരിക്കു പറഞ്ഞാൽ ‘മണവാളൻ തഗ്’ സ്വതന്ത്ര ആൽബത്തിനായി ഉദ്ദേശിച്ച ഒരു ട്രാക്കായിരുന്നു. തല്ലുമാല ടീമിൽ ഉണ്ടായിരുന്ന ചില സുഹൃത്തുക്കൾ കാരണം ആണ് ആ വർക്ക് ചെയ്തത്.
‘മണവാളൻ തഗ്’ എന്ന പാട്ടിന് ശേഷം ‘ഓളം അപ്പ്’ വന്നു. നിരവധി വിവാഹ വേദികളിലാണ് ഈ പാട്ട് ആവിഷ്‍കരിക്കപ്പെട്ടത്. ദുൽഖർ സൽമാൻ, സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ശ്രവിച്ച ഗാനമായി ‘ഓളം അപ്പ്’ വിശേഷിപ്പിച്ചു. ദുൽഖറിന്റെ ‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു വലിയ നേട്ടമായി കരുതുന്നു ഡാബ്സി. ‘മലർക്കൊടിയേ’യുടെ പുനരാവിഷ്‍കരണം വൻ വിജയമായിരുന്നു.
ഇനിയും പുറത്തിറങ്ങാനുള്ള നിരവധി ഗാന പ്രതീക്ഷകളുടെ ചിറകിലേറി ഡാബ്സി ഉറക്കെ പാടുകയാണ്- ഇല്ലുമിനാറ്റി... ഇല്ലുമിനാറ്റി....നാടിൻ നന്മകനേ പൊന്മകനേ....’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.