ഡെപ്പിന് അനുകൂലമായ വിധി സ്ത്രീകൾക്ക് തിരിച്ചടി -ആംബർ ഹേഡ്
text_fieldsവാഷിങ്ടൺ: ഹോളിവുഡ് നടൻ ജോണി ഡെപ്പ് മുൻ ഭാര്യ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിലെ വിധിയിൽ ഹൃദയം തകർന്നുവെന്ന് ഹേഡ്.
'ഇന്ന് ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകൾക്ക് അതീതമാണ്, എന്റെ മുൻ ഭർത്താവിന്റെ ശക്തിക്കും സ്വാധീനത്തിനും ആധിപത്യത്തിനും എതിരെ നിൽക്കാൻ തെളിവുകളുടെ പർവതങ്ങൾ പോലും പര്യാപ്തമല്ലെന്നത് എന്റെ ഹൃദയം തകർക്കുന്നു'വെന്ന് ഹേർഡ് പ്രസ്താവനയിൽ പറഞ്ഞു.
ഡെപ്പും ഹേർഡും മാനനഷ്ടത്തിന് ബാധ്യസ്ഥരാണെന്ന് ബുധനാഴ്ച ജൂറി നിരീക്ഷിച്ചിരുന്നു. ഹേഡിന്റെ ഗാർഹിക പീഡന ആരോപണം സിനിമയിലെ തന്റെ അവസരങ്ങളെപ്പോലും ബാധിച്ചെന്ന് ഡെപ്പ് വാദിച്ചു. ശക്തമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ ഡെപ്പിന് അനുകൂലമായി വിധി എഴുതുകയായിരുന്നു.
'ഈ വിധി മറ്റ് സ്ത്രീകളെ എങ്ങനെ ബാധിക്കുമെന്നത് എനിക്ക് കൂടുതൽ നിരാശ നൽകുന്നു. ഇത് ഒരു തിരിച്ചടിയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗൗരവമായി കാണണമെന്ന ആശയത്തെ ഈ വിധി പിന്നോട്ടടിക്കുന്നു'വെന്നും ഹേഡ് പറഞ്ഞു.
അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും അടങ്ങുന്ന ജൂറിയാണ് കേസിൽ വിധി പറഞ്ഞത്. ആംബർ 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച ജൂറി ഡെപ്പിന്റെ അഭിഭാഷകൻ ഹേഡിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു.
ജോണി ഡെപിൽനിന്നും അനുഭവിച്ച 'ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്' ഹേർഡ് 2018ൽ ലേഖനം എഴുതിയിരുന്നു. ഡെപ്പിന്റെ പേര് ലേഖനത്തിൽ പരാമർശിച്ചിരുന്നില്ല. ഗാർഹിക പീഡനത്തിന്റെ ഇരകളെ പ്രതിനിധീകരിക്കുന്ന പൊതു വ്യക്തിയാണ് താനെന്ന് ഹേഡ് ലേഖനത്തിൽ സ്വയം വിശേഷിപ്പിച്ചിരുന്നു.
ഹേഡിന്റെ ഗാർഹിക പീഡന ആരോപണം തട്ടിപ്പാണെന്നായിരുന്നു ഡെപ്പിന്റെ അഭിഭാഷകൻ ആദം വാൽഡ്മാൻ ഡെയ്‍ലി മെയിലിൽ ആരോപിച്ചിരുന്നത്. അഭിഭാഷകന്റെ ആരോപണത്തിനെതിരെ 100 മില്യൺ ഡോളർ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹേഡ് മാനനഷ്ടക്കേസ് ഫയൽ ചെ്യിതിരുന്നു. ഈ കേസിൽ ഹേഡിന് 2 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.