അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകൻ ഡെറിക് മാൽക്കം അന്തരിച്ചു
text_fieldsലണ്ടൻ: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകൻ ഡെറിക് മാൽക്കം (91) അന്തരിച്ചു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡീലിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ സിനിമകളോട് പ്രത്യേക അടുപ്പം പ്രകടിപ്പിച്ചിരുന്ന നിരൂപകനാണ് അദ്ദേഹം. അടൂർ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായ’ത്തെ ലോകപ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഡെറിക് മാൽക്കത്തിന്റെ എഴുത്തുകളായിരുന്നു.
1970കളുടെ തുടക്കത്തില്‍ ചലച്ചിത്രനിരൂപകനെന്ന നിലയിൽ അദ്ദേഹം ‘ദ ഗാർഡിയനി’ൽ ചേർന്നു. തുടർന്ന് കാൽനൂറ്റാണ്ടുകാലത്തോളം അദ്ദേഹം ഗാർഡിയന്റെ ഭാഗമായി പ്രവർത്തിച്ചു. ശേഷം ഈവനിങ് സ്റ്റാൻഡേഡിന്റെ ഭാഗമായും പ്രവർത്തിച്ചു. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ ഓണററി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എ സെഞ്ച്വറി ഓഫ് ഫിലിംസ്, ബോളിവുഡ്: പോപുലർ ഇന്ത്യൻ സിനിമ, അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുള്ള കഥകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ‘ഫാമിലി സീക്രട്ട്സ്’ എന്നിവ പ്രധാനപ്പെട്ട കൃതികളാണ്. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സാറ ഗ്രിസ്റ്റ്വുഡ് ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.