ശ്രീനാഥ് ഭാസി അഭിമുഖത്തിനെത്തിയത് ലഹരി ഉപയോഗിച്ചാണോ? രക്ത പരിശോധന നടത്താൻ പൊലീസ്
text_fieldsകൊച്ചി: സിനിമാ പ്രമോഷനുവേണ്ടി സംഘടിപ്പിച്ച അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന ഓൺലൈൻ അവതാരകയുടെ പരാതിയിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസിയുടെ രക്ത പരിശോധന നടത്താൻ പൊലീസ്. അഭിമുഖത്തിനു വന്നപ്പോൾ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനായാണ് രക്ത സാമ്പിൾ ശേഖരിച്ചത്.
ഇന്നലെ ചോദ്യംചെയ്യലിനിടെയാണ് ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചത്. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും. അഭിമുഖം നടത്തിയ ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
പരാതിയിൽ അവതാരകയുടെ മൊഴി നേരത്തെ തന്നെ മരട് പൊലീസ് ശേഖരിച്ചിരുന്നു. ഇന്നലെ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്.
അവതാരകയുടെ ആരോപണം തള്ളിയ ഭാസി, താൻ മോശമായി പെരുമാറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടനും സിനിമാ നിർമാതാവിനും സിനിമയുടെ പി.ആർ.ഒക്കും കത്ത് അയക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് അസോസിയേഷൻ ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.