എ.ആർ റഹ്‌മാനല്ല, 'ജയ് ഹോ' ഗാനം ചിട്ടപ്പെടുത്തിയത് സുഖ്‌വിന്ദർ സിങ്; വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ
text_fieldsഓസ്കര് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം ചിട്ടപ്പെടുത്തിയത് എ. ആർ റഹ്‌മാനല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ഗാനം ചിട്ടപ്പെടുത്തിയതെന്നും ഈ സമയത്ത് എ. ആർ റഹ്മാൻ ലണ്ടനിൽ ആയിരുന്നെന്നും രാം ഗോപാൽ വർമ വ്യക്തമാക്കി.
'സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ സുഭാഷ് ഘായ്‌യുടെ 'യുവരാജ്' എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് പാട്ടൊരുക്കിയത്. ഈ സമയത്ത് റഹ്‌മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ്ക്ക് എത്രയും വേഗം പാട്ട് ചിത്രീകരിക്കണമായിരുന്നു. സംവിധായകൻ തിരക്ക് കൂട്ടിയതോടെ പാട്ട് ഒരുക്കാൻ റഹ്‌മാൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് ജയ് ഹോയുടെ ഈണം ഉണ്ടായത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞ് നിർമാതാവ് ഒഴിവാക്കി. തൊട്ടടുത്ത വർഷം റഹ്മാൻ ഈ പാട്ട് സ്ലം ഡോഗ് മില്യണയറിൽ ഉപയോഗിച്ചു.
സുഖ്‌വിന്ദറാണ് പാട്ടിന് ഈണം പകർന്നതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായി റഹ്മാനോട് പൊട്ടിത്തെറിച്ചിരുന്നു. 'എന്റെ സംഗീത സംവിധായകനെന്ന നിലയിലാണ് കോടിക്കണക്കിന് രൂപ നിങ്ങൾക്ക് പ്രതിഫലം നൽകിയത്. നിങ്ങൾ എനിക്ക് സുഖ്‌വിന്ദർ ഉണ്ടാക്കിയ ഒരു ട്യൂൺ നൽകി. അത് എന്റെ മുന്നിൽ പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എനിക്ക് സുഖ്‌വിന്ദറുമായി കരാർ ഒപ്പിടമായിരുന്നു, എന്റെ പണം എടുത്ത് സുഖ്‌വീന്ദറിനെ കൊണ്ട് എനിക്ക് സംഗീതം ചെയ്യാൻ നിങ്ങൾ ആരാണ്' ; സുഭാഷ് ഘായി റഹ്മാനോട് ചോദിച്ചു.
ഇതിന് വളരെ മഹത്തായ മറുപടിയാണ് റഹ്മാൻ നൽകിയത്. 'സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും' എന്നായിരുന്നു റഹ്മാന്റെ പ്രതികരണ'മെന്ന് പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് രാം ഗോപാൽ വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.