'ജയ് ഹോ'ചിട്ടപ്പെടുത്തിയത് എ. ആർ റഹ്മാൻ; ആ ഗാനവുമായി എനിക്ക് ആ ഒരു ബന്ധം മാത്രം; സുഖ്‌വിന്ദർ സിങ്
text_fieldsസ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം ചിട്ടപ്പെടുത്തിയത് താനല്ലെന്ന് ഗായകൻ സുഖ്‌വിന്ദർ സിങ്. രാം ഗോപാൽ വർമയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു. 'ജയ് ഹോ' ഗാനം റഹ്മാന്റേത് ആണെന്നും അത് പാടുക മാത്രമാണ് താൻ ചെയ്തതെന്നും സുഖ്‌വിന്ദർ ദേശീയമാധ്യമത്തിനോട് പറഞ്ഞു. രാം ഗോപാൽ വർമയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാകുമെന്നും കൂട്ടിച്ചേർത്തു.
'യുവരാജ് എന്ന ചിത്രത്തിന് വേണ്ടിയാണ് എ. ആർ റഹ്മാൻ ജയ് ഹോ ഗാനം ചിട്ടപ്പെടുത്തിയത്. താൻ അത് പാടിയെന്നേയുള്ളു. അല്ലാതെ മറ്റൊരു ബന്ധവും എനിക്ക് ആ പാട്ടുമായില്ല. രാം ഗോപാൽ വർമയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാകും. അതുകൊണ്ടായിരിക്കാം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
ഗുൽസാർ സാഹബ് ആണ് ജയ് ഹോ രചിച്ചത്. റഹ്മാന് വരികൾ ഏറെ ഇഷ്ടപ്പെട്ടു. മുംബൈ ജുഹുവിലുള്ള എന്റെ സ്റ്റുഡിയോയിൽ വച്ചാണ് റഹ്മാൻ പാട്ട് ഒരുക്കിയത്. തുടർന്ന് അദ്ദേഹമത് സംവിധായകൻ സുഭാഷ് ഘായ്‌ക്കു കേൾപ്പിച്ചുകൊടുത്തു. അതിനു ശേഷമാണ് ഞാൻ ആലപിച്ചത്. സുഭാഷ്ജിക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടു. പക്ഷെ യുവരാജ് എന്ന ചിത്രത്തിന്റെ കഥയുമായി യോജിക്കുന്നില്ലാത്തതിനാൽ അദ്ദേഹം പാട്ട് സിനിമയിൽ നിന്ന് ഒഴിവാക്കി. തുടർന്നാണ് റഹ്മാൻ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് വേണ്ടി ഈ പാട്ട് ഉപയോഗിച്ചത്- സുഖ്‌വിന്ദർ സിങ് പറഞ്ഞു.
ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് 'ജയ് ഹോ' പാട്ടിന്റെ സൃഷ്ടിയെക്കുറിച്ചു രാം ഗോപാൽ ആരോപണമുന്നയിച്ചത്. ഗാനം ചിട്ടപ്പെടുത്തിയത് എ. ആർ റഹ്മാൻ അല്ലെന്നും ഗായകൻ സുഖ്‌വിന്ദർ സിങ് ആണെന്നുമാണ് രാം ഗോപാൽ വർമ പറഞ്ഞത്. അതേസമയം, വിഷയത്തിൽ എ.ആർ.റഹ്മാൻ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.