നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു
text_fieldsമുംബൈ: ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്‍റെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഫൈസൽ ഫാറുഖിയാണ് സന്തോഷ വിവരം ട്വീറ്റ് ചെയ്തത്.
'നിങ്ങളുടെ സ്നേഹത്താലും വാത്സല്യത്താലും പ്രാർഥനയാലും ദിലീപ് സാബ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നു. ദൈവത്തിന്‍റെ അനന്തമായ കരുണയും ദയയും ഡോ ഗോഖലെ പാർക്കർ, ഡോ. അരുൺ ഷാ, മറ്റ് ഹിന്ദുജ ആശുപത്രി ടീം എന്നിവരിലൂടെ ലഭിച്ചു' -ഫൈസൽ ഫാറൂഖി വ്യക്തമാക്കി.
ജൂൺ ആറിനാണ് ദിലീപ് കുമാറിനെ ശ്വാസതടസത്തെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1922 ഡിസംബർ 11ന് ജനിച്ച മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ 1944ൽ 'ജ്വാർ ഭട്ട' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 1947ൽ പുറത്തിറങ്ങിയ 'ജുഗ്നു' എന്ന ചിത്രമാണ് ദിലീപ് കുമാറിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.
മധുമിത, ദേവ്ദാസ്, ഗംഗാ ജമുന മുതലായവയാണ് ദിലീപ് കുമാറിന്‍റെ പ്രധാന ചിത്രങ്ങൾ. 1998ൽ റിലീസ് ചെയ്ത 'ഖില' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 'ആസാദ്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പ്രഥമ ഫിലിം ഫെയർ അവാർഡ് ദിലീപ് കുമാർ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.