'ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ആസ്വാദന തലം പുറകോട്ടാണോ'...; വെയിൽ സിനിമയെ കുറിച്ച് സംവിധായകൻ ഭദ്രൻ
text_fieldsചിത്രീകരണ സമയം മുതൽ ഏറെ വിവാദത്തിലായ ചിത്രമാണ് ഷെയിൻ നിഗം നായകനായ 'വെയിൽ'. എന്നാൽ, സിനിമ റിലീസായതോടെ എല്ലായിടത്ത് നിന്നും മികച്ച നിരൂപണമാണ് അണിയറപ്രവർത്തകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ വാതോരാതെ പ്രശംസിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഭന്ദ്രൻ.
'വെയില്‍' പോലുള്ള സിനിമകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ചിത്രം റിലീസ് ചെയ്‌തെന്നു തന്നെ വളരെ വൈകിയാണ് അറിയാന്‍ കഴിഞ്ഞതെന്നും കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പുറകോട്ട് പോവുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
സിനിമകള്‍ കണ്ട്, കൂടെ കൂടെ ഞാന്‍ അഭിപ്രായങ്ങള്‍ എഴുതുന്നത് ഒരു നിരൂപകന്‍ ആകാനുള്ള ശ്രമമായി ആരും കണക്കാക്കരുത്. അതിലൂടെ വരുന്ന പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ ഉന്മാദം കൊള്ളാറുമില്ല.
പക്ഷേ, അടുത്ത ദിവസങ്ങളില്‍ തിയറ്ററുകളില്‍ ഇറങ്ങിയ 'വെയിലി'നെക്കുറിച്ച് പറയാതിരിക്ക വയ്യ ഞാന്‍ ഏത് സാഹചര്യത്തിലാണ് വെയില്‍ കാണുകയുണ്ടായത് എന്ന് 'ഭൂതകാലം' കണ്ടിട്ടെഴുതിയ പോസ്റ്റിലൂടെ പറയുകയുണ്ടായി. അതുകൊണ്ട് അത് ആവര്‍ത്തിക്കുന്നുമില്ല. എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു.
അതിനുള്ള ദൃഷ്ടാന്തം, എന്ത് കൊണ്ട് വെയിലിന് തിയറ്ററില്‍ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല? ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായില്‍ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേള്‍ക്കുന്നു. ഒരു സിനിമയെ അതിന്റെ ഔന്നിത്യത്തില്‍ എത്തിക്കുന്നത്, ഒരു നല്ല കണ്ടന്റിന്റെ എക്‌സിക്യൂഷനും പരസ്യ തന്ത്രങ്ങളും ആണെന്ന് ആര്‍ക്കാണ് അറിവില്ലാത്തത്. അത്യാവശ്യം നല്ല ഒരു കഥയെ ബോഗികള്‍ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടുപോയ സിനിമ.
അവാര്‍ഡ് കമ്മിറ്റി ജൂറിയില്‍, സര്‍വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓര്‍ക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തില്‍ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. അതിലെ ഷെയിന്ന്‌റെ സിദ്ധുവും ഒപ്പം, നില്‍ക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ ഹൈപ്പര്‍ ആക്റ്റീവ് ആയിട്ടുള്ള പെര്‍ഫോമന്‍സും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളില്‍ വീര്‍പ്പുമുട്ടിച്ചു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാര്‍, വളരെ മുന്‍പന്തിയില്‍ വരാന്‍ ചാന്‍സ് ഉള്ള ഈ ഹീറോ മെറ്റലിനെ തിയറ്ററില്‍ പോയി കണ്ട് പ്രോത്സാഹിപ്പിക്കണ്ടേ? നിങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഞങ്ങള്‍ വളരുക..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.